തിരുവനന്തപുരം > തോന്നയ്ക്കലിലെ കുമാരനാശാന് ദേശീയ സാംസ്കാരിക സ്ഥാപനത്തിന് സമീപത്തെ മാര്‍ബിള്‍ കമ്പനിയുടെ നിര്‍മാണപ്രവര്‍ത്തനം മഹാകവിയുടെ സ്മാരകത്തിന്റെയുംസ്ഥാപനത്തിന്റെയും നാശത്തിനിടയാക്കുമെന്ന് ചെയര്മാന് പ്രൊഫ. വി മധുസൂദനന്‍നായരും സെക്രട്ടറി അയിലം ഉണ്ണിക്കൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ഥാപനത്തിന്റെ തൊട്ടുപിറകിലെ ഭൂമി വാങ്ങിയ മാര്‍ബിള്‍- ഗ്രാനൈറ്റ് കമ്പനിക്കാര് ആശാന് ഭവനങ്ങളോട് ചേര്‍ന്ന് കൂറ്റന്‍ മതില്‍കെട്ടാനും റോഡ് നിര്‍മിക്കാനും തുടങ്ങിയിരിക്കുകയാണ്. ആശാന് താമസിക്കുകയും കവിത രചിക്കുകയും ചെയ്തിരുന്ന മണ്‍കുടിലുകള്‍ക്കു സമീപത്താണ് ആഴത്തില്‍ കുഴിയെടുത്ത് മതിലും റോഡും നിര്‍മിക്കുന്നത്. മഹാചരിത്രനിധികളാണ് ഈ മണ്‍കുടിലുകള്‍.
കണ്ടെയ്നര്‍ വാഹനങ്ങള്‍ ഗ്രാനൈറ്റുമായി ഇതുവഴി പോകുമ്പോള്‍ മണ്‍കുടിലുകള്‍ തകര്‍ന്നടിയും. സ്ഥാപനത്തിനും നാശം സംഭവിക്കും. ആശാന് സ്മാരകത്തിനായി 1.80 കോടി റവന്യൂ വകുപ്പില്‍ ഒടുക്കി തെക്കുവശത്തെ 1.1 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി പൂര്‍ത്തിയായപ്പോള്‍ ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് കേസുണ്ടായി. കേസിലെ ഭൂമി വില്ക്കുകയോ വാങ്ങുകയോ ചെയ്യാന്‍ പാടില്ലെന്നതു ലംഘിച്ചാണ് ഭൂമിയിലെ ഒരുഭാഗം വാങ്ങി അവിടെയും റോഡും മതിലും നിര്‍മിക്കാന്‍ ശ്രമിക്കുന്നത്.
സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് നിര്‍മാണം ഉടന്‍ നിര്‍ത്തിവയ്ക്കാനും പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്കി. സ്ഥാപനവും സ്മാരകവും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്കാരികമന്ത്രിക്കും പരാതി നല്‍കും. സ്ഥാപനത്തെ സംരക്ഷിക്കാന്‍ സാംസ്കാരിക നായകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും ഇരുവരും പറഞ്ഞു.