Top
23
Thursday, November 2017
About UsE-Paper

കടല്‍ പരീക്ഷയ്ക്കായി കോവളം തീരത്ത് യുവാക്കളെത്തി

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌
കോവളം > കടലില്‍ അപകടങ്ങളില്‍പ്പെടുന്ന സഞ്ചാരികളുടെ ജീവന്‍  രക്ഷിക്കാന്‍  കടല്‍ പരീക്ഷയ്ക്കായി കോവളം തീരത്ത് യുവാക്കളെത്തി. തിരകളോട് ഏറ്റുമുട്ടി കരയിലെത്തിയവര്‍ വിജയികളായി. കടല്‍ത്തീരങ്ങളിലെ ലൈഫ് ഗാര്‍ഡുമാരുടെ തെരഞ്ഞെടുപ്പിനായി കോവളം തീരത്താണ് കായികക്ഷമതാ പരീക്ഷ സംഘടിപ്പിച്ചത്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. 20 ഒഴിവിലേക്ക് സംസ്ഥാനത്തെ ഒമ്പതു ജില്ലയില്‍നിന്ന് എത്തിയത് 260 പേര്‍. കായികക്ഷമതാ പരിശോധനയില്‍ 150 പേര്‍  വിജയികളായി. 10 മുതല്‍ 15 പേര്‍ അടങ്ങുന്ന സംഘങ്ങളായാണ് കായികക്ഷമത പരിശോധന നടത്തിയത്. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലുവരെ നടത്തിയ പരീക്ഷ കഠിനമായിരുന്നെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. നിശ്ചിത ദൂരം കടല്‍ത്തീരത്തെ മണല്‍പ്പരപ്പിലുടെ ഓടിയശേഷം കടലില്‍ നീന്തി അരക്കിലോമീറ്റര്‍ ദൂരെ നങ്കൂരമിട്ടിരിക്കുന്ന ബോട്ടില്‍ വച്ചിരിക്കുന്ന അഞ്ചുകിലോയോളം  ഭാരമുള്ള കുപ്പി എടുത്തശേഷം നീന്തി കരയില്‍ എത്തുന്നവര്‍ വിജയികളാകും. ജോലി പ്രതീക്ഷിച്ച് എത്തിയവരില്‍ ആവേശത്തോടെ കടലില്‍ ചാടിയവരില്‍ കുറെപ്പേര്‍ അവശരായി. ഏതാനും പേര്‍ ഭയന്ന് പിന്മാറി. ഇവരുടെ സുരക്ഷയ്ക്കായി 41 ലൈഫ് ഗാര്‍ഡുമാരെ നിയമിച്ചിരുന്നു. കായികക്ഷമതാ പരീക്ഷ ജയിച്ചവര്‍ക്ക് ഇനി കൂടിക്കാഴ്ചയുണ്ട്. ഇതില്‍  വിജയികളാകുന്നവര്‍ക്ക് വിദഗ്ധ പരിശീലനത്തിനുശേഷം തീരങ്ങളില്‍ നിയമനം നല്‍കുമെന്ന്  അധികൃതര്‍ പറഞ്ഞു. 
കോവളത്ത് നടത്തിയ  പരീക്ഷണം കാണാന്‍ വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു.

Related News

കൂടുതൽ വാർത്തകൾ »