13 November Tuesday

ചങ്ങാതികളെ ചേർത്തുനിർത്തി പാപ്പാല ഗവ. എൽപി സ‌്കൂളിലെ കുരുന്നുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

സമാഹരിച്ച പഠനോപകരണങ്ങളുമായി പാപ്പാല ഗവ. എൽപിഎസിലെ അധ്യാപകരും കുട്ടികളും

കിളിമാനൂർ 
പ്രളയം നാശംവിതച്ച തിരുവല്ലയിലെ ചാത്തങ്കേരി ന്യൂ എൽപിഎസ്, ചാത്തങ്കേരി ഗവ. എൽപിസ്‌ എന്നീ സ്കൂളുകളിലെ എല്ലാ കുട്ടികൾക്കും ബാഗും നോട്ടുബുക്കും വിത്ത്പേനയും പെൻസിലും അടക്കം 9 ഇനങ്ങൾ നേരിട് നൽകി ചങ്ങാത്തത്തിന്റെ പുതിയ ഗാഥ രചിച്ചിരിക്കുകയാണ് ‘ചേർത്തുനിർത്താം ചങ്ങാതികളെ’ എന്ന പരിപാടിയിലൂടെ കിളിമാനൂർ പാപ്പാല ഗവ.എൽപിഎസിലെ കുരുന്നുകൾ .
ദുരിതാശ്വാസക്യാമ്പുകളിൽനിന്ന‌് തിരികെ വീട്ടിലെത്തിയ കുട്ടികൾ വീടിനു മുന്നിലെ ചവറുകൂനകൾക്കിടയിൽനിന്ന‌് പഠനോപകരണങ്ങൾ ചികഞ്ഞെടുക്കുന്ന കാഴ്ച ടിവിയിൽ കണ്ട നാലാംക്ലാസിലെ കുട്ടികളാണ് ദുഃഖത്തോടെ അധ്യാപകരോട് വാർത്തയെ ക്കുറിച്ച‌് പറഞ്ഞത്. ഈ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നല്കാമെന്ന ആശയം ഇങ്ങനെയാണുണ്ടായത്. ഓണാഘോഷം വിപുലമായി നടത്താൻ സ്വരുക്കൂട്ടിയ തുകയോടൊപ്പം കുട്ടികൾക്ക് ഓണത്തിന് സമ്മാനമായി കിട്ടിയ തുകയും ഇതോടൊപ്പം ചേർത്തു. 
 
ഇവരുടെ ആഗ്രഹത്തിനൊപ്പം പിടിഎയും വിദ്യാലയ വികസന സമിതിയും പൂർവവിദ്യാർഥികളും കൈകോർത്തപ്പോൾ രണ്ടു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും പുത്തൻ പഠനോപകരണങ്ങൾ നൽകാൻ കഴിഞ്ഞു. സ്കൂളിലെ പൂർവ വിദ്യാർഥിയും കിടപ്പുരോഗിയുമായ രഞ്ജിനി നിർമിക്കുന്ന ‘വിത്തു പേന’ അന്നാട്ടുകാർക്ക് പുതിയ അനുഭവമായി. കെഎസ്ടിഎ  പത്തനംതിട്ട ജില്ലാകമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് സ്കൂളുകളെ തെരഞ്ഞെടുത്തത്.
 
2 സ്കൂളുകളിലും രക്ഷിതാക്കൾക്കൊപ്പം സംഘടന നേതാക്കളും തിരുവല്ല ബിപിഒ രാഗേഷും സ്കൂൾ ടീമിനെ സ്വീകരിക്കാനുണ്ടായിരുന്നു. നാല്പതിനായിരത്തിലധികം രൂപയാണ് പഠനോപകരണങ്ങൾ വാങ്ങാൻ ചെലവായത്.ഇതിൽ പതിനൊന്നായിരം രൂപ ബക്കറ്റ് പിരിവിലൂടെയാണ് കണ്ടെത്തിയത്. പാപ്പാല ദേശത്തിന്റെ മഹാമനസ്കത അടയാളപ്പെടുത്താൻ സ്കൂളിന് കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് അധികൃതർ.  പ്രഥമാധ്യാപകൻ കെ വി വേണുഗോപാൽ, പിടിഎ  പ്രസിഡന്റ് കെ ജി ശ്രീകുമാർ, എസ്എംസി  ചെയർപേഴ്സൺ ഷീജമോൾ, എം പിടിഎ  പ്രസിഡന്റ് ഷൈനി, ജി മനോഹരൻ, ജി വിജയൻ, കിളിമാനൂർ ഹക്കിം, അധ്യാപകരായ ശാന്തകുമാരി അമ്മാൾ, ബിന്ദുകുമാരി, സജി, സിയാദ്, വിദ്യാർഥികൾ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
 
 
 
 
പ്രധാന വാർത്തകൾ
Top