21 November Wednesday

ബൈക്കുകളുമായി കുട്ടിമോഷ്ടാക്കൾ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

പാങ്ങോട്പൊലീസ് പിടികൂടിയ ബൈക്കുകള്‍

വെഞ്ഞാറമൂട് > ബൈക്കുകൾ മോഷ്ടിച്ച‌് വിൽപ്പന നടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. ഇവർ സ്‌കൂൾ വിദ്യാർഥികളാണ‌്. സംഘത്തിന്റെ നേതാവും കുറിഞ്ചിലക്കാട് സ്വദേശിയുമായ പതിനെട്ടുകാരൻ ഒളിവിലാണ‌്. പിടിയിലായവരിൽനിന്ന‌് ആറു ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. ഒളിവിലുള്ളയാൾ മോഷ്ടിച്ച ബൈക്ക് വിൽപ്പന നടത്താൻ തമിഴ്‌നാട്ടിൽ പോയെന്നാണ‌് കുട്ടികൾ നൽകിയ വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഇക്കഴിഞ്ഞ 27ന് കല്ലറ തച്ചോണം സ്വദേശി ബിജുവിന്റെ ബൈക്ക് വീട്ടുമുറ്റത്ത്നിന്ന‌് മോഷണം പോയി. ഇതു സംബന്ധിച്ച പരാതിയിൻമേൽ  അന്വേഷണം നടത്തുന്നതിനിടയിലാണ് ബൈക്കുമായി കുട്ടികളെ കണ്ടു മുട്ടിയത്. ചോദ്യം ചെയ്യലിൽ ബൈക്ക് മോഷ്ടിച്ചതാണെന്ന‌്  ഇവർ സമ്മതിക്കുകയും സംഘത്തിൽ ഒരാൾ കൂടിയുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് പാങ്ങോട് എസ്ഐ നിയാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വർക്കല, കണിയാപുരം, കല്ലറ പള്ളിമുക്ക‌്, കല്ലറ ഒാട്ടോസ്റ്റാൻഡ്, കല്ലറ പൾസ് ഹോസ്പിറ്റലിനു സമീപം എന്നിവിടങ്ങളിലായി സൂക്ഷിച്ചിരുന്ന അഞ്ചോളം ബൈക്കുകൾ കണ്ടെത്തി.
രാത്രി രക്ഷിതാക്കളും വീട്ടുകാരും ഉറങ്ങിയതിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിങ‌് ഏരിയയിലേക്ക് കല്ലറനിന്ന‌് ഒരു ബൈക്കിൽ തിരിക്കുന്ന മൂവർസംഘം പുലരുംമുമ്പ‌് മൂന്ന് ബൈക്കുകളുമായി തിരിച്ചെത്തുന്ന രീതിയാണ് സ്വീകരിച്ചത്. മോഷ്ടിക്കുന്ന ബൈക്കുകളുടെ നമ്പർ പ്ലേറ്റുകൾ അപ്പോൾ തന്നെ മാറ്റുമായിരുന്ന സംഘം വാഹനങ്ങൾ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ പാർട‌്സുകളായി വിൽക്കുന്ന രീതിയും അവലംബിച്ചിരുന്നു. ഇത്തരത്തിൽ കിട്ടുന്ന പണം ആർഭാട ജീവിതത്തിനാണ‌് ഉപയോഗിച്ചിരുന്നത്.  ഒളിവിലായ യുവാവിനു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മറ്റു രണ്ടു പേരെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയെന്നും പാങ്ങോട് പൊലീസ‌് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top