18 November Sunday

വായനമതിൽ തീർത്ത‌് ലോക റെക്കോഡിലേക്ക‌്

സ്വന്തം ലേഖികUpdated: Tuesday Jul 10, 2018

പട്ടം സെന്റ്‌ മേരീസ്‌ സ്‌കൂളിൽ 13,000 കുട്ടികൾ ഒരുമിച്ചു വായിച്ചുതീർത്ത വായന മതിൽ

തിരുവനന്തപുരം
വായനയുടെ വിസ്മയം തീർക്കാൻ 13,000 കുട്ടികൾ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. വായന മരിക്കുന്നുവെന്ന‌് ആവലാതികൾ ഉയരുന്ന കാലത്ത‌് അവർ കുഞ്ഞുണ്ണി മാഷിനെയും തകഴിയെയും ഒ എൻ വിയെയും സുഗതകുമാരിയെയും വായിച്ച‌് വായനമതിൽ തീർത്തു. വായനമാസാചരണത്തിന്റെ സമാപനദിനത്തിൽ ദിവസവും ഒരുമണിക്കൂറെങ്കിലും വായിക്കാമെന്ന‌് പ്രതിജ്ഞയെടുത്താണ‌് കുട്ടിവായനക്കാർ ക്ലാസ‌്റൂമുകളിലേക്ക‌് മടങ്ങിയത‌്. 
 
പട്ടം സെന്റ‌് മേരീസ‌് ഹയർസെക്കൻഡറി സ്കൂളാണ‌് 13,000 കുട്ടികളുടെ വായനമതിൽ തീർത്ത‌് ലോക റെക്കോഡ‌് തീർക്കാൻ ശ്രമിച്ചത‌്. പരിപാടി വീക്ഷിക്കാൻ ചെന്നൈയിൽനിന്ന‌്‌ ലിംക ഇൻക്രെഡിബിൾ ബുക‌്സ‌് ഓഫ‌് റെക്കോഡ‌്സ‌് നിരീക്ഷകനും എത്തിയിരുന്നു.പ്രിൻസിപ്പൽ ഫാ. സി സി ജോൺ, ഹെഡ്മാസ്റ്റർ എബി ഏബ്രഹാം എന്നിവർ പുസ്തകം വായിച്ചാണ‌് പരിപാടി ഉദ‌്ഘാടനംചെയ്തത‌്. ചാറ്റൽമഴ വകവയ്ക്കാതെ കുട്ടികൾ  പാഠപുസ്തകങ്ങളും പ്രത്യേകമായി കൊണ്ടുവന്ന ഇഷ്ടപുസ്തകങ്ങളും വായിച്ചു. വായനമതിലിന്റെ തുടർച്ചയായി ഓരോ ക്ലാസിലും ക്ലാസ‌്റൂം ലൈബ്രറിയും ക്ലാസ‌്റൂം പൂന്തോട്ടവും ഒരുക്കാനും ദിവസവും ഒരു മണിക്കൂറെങ്കിലും വായനയ്ക്കായി ചെലവിടാനും കുട്ടികൾ പ്രതിജ്ഞയെടുത്തു. 
സംസ്ഥാന സർക്കാരിന്റെ വായനമാസാചരണത്തിന്റെ ഭാഗമായാണ‌്  വായനമതിൽ സൃഷ്ടിച്ചത്. വായനയിലൂടെ പുതുതലമുറയ്ക്ക് ആശയപരമായ വെളിച്ചം പകരാനാണ‌് പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന‌് പ്രിൻസിപ്പൽ പറഞ്ഞു.
പ്രധാന വാർത്തകൾ
Top