25 September Tuesday

ശ്രീചിത്രയില്‍ യൂണിയന്‍ നേതാക്കള്‍ക്കെതിരെ മാനേജ്മെന്റിന്റെ പ്രതികാരനടപടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
തിരുവനന്തപുരം 
ശ്രീചിത്രയിൽ സ്റ്റാഫ് യൂണിയൻ പ്രവർത്തകർക്കുനേരെ മാനേജ്മെന്റിന്റെ പ്രതികാരനടപടികൾ തുടരുന്നതായി ആക്ഷേപം. ശ്രീചിത്രയ്ക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ നിർമാണോദ്ഘാടനം  കേന്ദ്രമന്ത്രി  ഹർഷവർധൻ രണ്ടുമാസംമുമ്പ‌്  നടത്തിയിരുന്നു. കഴിഞ്ഞ ഇടതുസർക്കാർ അനുവദിച്ച 84 സെന്റ് സ്ഥലത്താണ് കെട്ടിടനിർമാണം.  ഉദ്ഘാടനവേളയിൽ സ്ഥലം അനുവദിച്ച ഇടതുസർക്കാരിന് അഭിവാദ്യമർപ്പിച്ച‌് ശ്രീചിത്ര സ്റ്റാഫ് യൂണിയൻ ബോർഡ് സ്ഥാപിച്ചിരുന്നു. ഇത് നീക്കംചെയ്യണമെന്ന്  മെഡിക്കൽ സൂപ്രണ്ട് സ്റ്റാഫ് യൂണിയൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഇത് യൂണിയൻ നിരാകരിക്കുകയും പ്രശ്നം കൂടുതൽ രൂക്ഷമാകുകയും ചെയ്തിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് ഇടപെട്ട് നടന്ന ചർച്ചയിൽ ബോർഡ് തൽക്കാലം നീക്കം ചെയ്യേണ്ടെന്ന തീരുമാനത്തിലെത്തി. അന്ന് അവസാനിച്ച പ്രശ്നത്തിന്റെ പ്രതികാരനടപടിയെന്നോണം  സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി കെ വി മനോജ്കുമാറിന് മാനേജ്മെന്റ് കാരണംകാണിക്കൻ നോട്ടീസ് നൽകിയതാണ് വീണ്ടും വിവാദമായത്. വനിതാപീഡനം ആരോപിച്ചാണ‌് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. അന്ന് ബോർഡ് നീക്കം ചെയ്യാൻ ഏറെ വാദിച്ച വനിതയായ മെഡിക്കൽ സൂപ്രണ്ടുമായുണ്ടായ തർക്കമാണ് ഇപ്പോൾ വനിതാപീഡനമായി ഉയർത്തിയിരിക്കുന്നതെന്ന് യൂണിയൻ ആരോപിച്ചു. ഇതുസംബന്ധിച്ച് പരാതിയുണ്ടെങ്കിൽ അതിന്റെ പകർപ്പ് യൂണിയൻ ആവശ്യപ്പെട്ടു. പ്രതികാരനടപടികളുമായി മുന്നോട്ടു പോകുന്ന മാനേജ്മെന്റ് ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിടുകയാണെന്ന് യൂണിയൻ ജനറൽ സെക്രട്ടറി കെ വി മനോജ് കുമാർ പറഞ്ഞു‌.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top