Top
18
Monday, December 2017
About UsE-Paper
മലയാള സിനിമ നവതി ആഘോഷത്തിന് കൊടിയേറി

കാഴ്ചയുടെ വിരുന്നിന് ക്ളാപ്പടിച്ച് 'കറുത്തമ്മയും പരീക്കുട്ടിയും'

Friday Dec 8, 2017
സ്വന്തം ലേഖകന്‍
 
തിരുവനന്തപുരം > മലയാള സിനിമയുടെ നവതി ആഘോഷത്തില്‍ കാഴ്ചയുടെ വിരുന്നിന് ക്ളാപ്പടിച്ച് കറുത്തമ്മയും പരീക്കുട്ടിയും. മലയാള സിനിമയുടെ അഭിമാന നിമിഷങ്ങളും ഇന്നലെകളും അടയാളപ്പെടുത്തുന്ന പ്രദര്‍ശനത്തോടെ നവതി ആഘോഷത്തിന് രാജ്യാന്തര ചലച്ചിത്രമേളയില്‍ കൊടിയേറി. 
കനകക്കുന്ന് കൊട്ടാരത്തില്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് ആസ്വാദകരുടെ ഇഷ്ടതാരങ്ങള്‍ മധുവും ഷീലയും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും ചേര്‍ന്നായിരുന്നു. പ്രദര്‍ശനം കണ്ട മൂന്നുപേരും സിനിമാനുഭവങ്ങളും പങ്കുവച്ചു. മലയാളത്തിലെ ആദ്യ സിനിമ 'വിഗതകുമാരനെ' പരിചയപ്പെടുത്തിയാണ് പ്രദര്‍ശനത്തിന്റെ തുടക്കം. ചിത്രത്തിന്റെ സംവിധായകന്‍ ജെ സി ഡാനിയലിന്റെ ജീവിതത്തിലേക്കും സിനിമയിലെ ദൃശ്യങ്ങളിലേക്കും തുടര്‍ന്നുള്ള ചിത്രങ്ങള്‍ കാണികളെ നയിക്കുന്നു. പിന്നാലെ മലയാളത്തിലെ ആദ്യ ശബ്ദചിത്രം ബാലന്‍, പിന്നണിഗാനം ആദ്യമായി ഉപയോഗിച്ച നിര്‍മല തുടങ്ങിയ ചിത്രങ്ങളുടെ ദൃശ്യങ്ങളും  വിവരണങ്ങളും സിനിമ പ്രേമികള്‍ക്ക് സമ്മാനിക്കുന്നത് മലയാള സിനിമയെക്കുറിച്ചുള്ള  അറിവുകള്‍ കൂടിയാണ്. 
നിശ്ചലഛായാഗ്രാഹകന്‍ പി ഡേവിഡിന്റെ ശേഖരത്തിലുള്ള അമൂല്യ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് മാറ്റുകൂട്ടുന്നു. സത്യന്‍, നസീര്‍, ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, രജനികാന്ത് തുടങ്ങിയ സിനിമയിലെ ഇതിഹാസങ്ങള്‍ക്ക് പുറമേ മാന്ത്രിക സ്പര്‍ശമുള്ള അക്ഷരങ്ങളുമായി തിരശ്ശീലയില്‍ വിസ്മയം ഒരുക്കിയ വൈക്കം മുഹമ്മദ് ബഷീര്‍, എം ടി തുടങ്ങിയ സാഹിത്യനായകന്മാരെയും ഡേവിഡിന്റെ ക്യാമറ ഭംഗി ചോരാതെ ഒപ്പിയെടുത്തത് പ്രദര്‍ശനത്തില്‍ കാണാം. ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പറേഷനും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകരായ  ശ്രീകുമാരന്‍ തമ്പി, രാജീവ്കുമാര്‍, സിബി മലയില്‍ എന്നിവര്‍ സംസാരിച്ചു. 2018ലാണ് മലയാള സിനിമ 90 വര്‍ഷം പൂര്‍ത്തിയാക്കുന്നത്. 
 

Related News

കൂടുതൽ വാർത്തകൾ »