18 November Sunday

മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവിതാവസാനംവരെ തടവ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

തിരുവനന്തപുരം

പത്ത് വയസ്സുള്ള മകളെ ബലാത്സംഗംചെയ‌്ത  കേസിൽ അച്ഛന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. കടയ്‌ക്കാവൂർ സ്വദേശി സുചീന്ദ്രകുമാറിനെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജീവിതാവസാനംവരെ ശിക്ഷ അനുഭവിക്കണമെന്ന് വിധിയിൽ ജഡ്ജി ടി കെ മിനിമോൾ പറഞ്ഞിട്ടുണ്ട്. പിഴ കുട്ടിക്ക് നൽകണം . പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടുതൽ തടവ് അനുഭവിക്കണം. കുട്ടിയുടെ അമ്മ മരിച്ചിരുന്നു. ഇതിനുശേഷം പ്രതി വേറെ വിവാഹം കഴിച്ചു. അമ്മൂമ്മയുടെ കൂടെയാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയെ നോക്കാനെന്നു പറഞ്ഞ് ചില ദിവസങ്ങളിൽ വീട്ടിൽ വരുന്ന പ്രതി രാത്രി കുട്ടിയെ കൂടെ കിടത്താൻ  കൊണ്ടുപോയിട്ട്  മൊബൈലിൽ  അശ്ലീലചിത്രങ്ങൾ കാണിച്ചാണ് പീഡിപ്പിച്ചിരുന്നത്. രണ്ടുവർഷത്തോളം പീഡിപ്പിച്ചു. കുട്ടിക്ക് കാലുവേദനയും  വയറുവേദനയും അസഹ്യമായപ്പോൾ അധ്യാപികമാരോട് പറഞ്ഞു. അധ്യാപികമാർ ഡോക്ടറെ കാണിച്ചു. ഡോക്ടറുടെ നിർദേപ്രകാരം ഗൈനക്കോളജിസ്റ്റിനെ കാണിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് സ‌്കൂളിൽ എത്തിയ ആശാ വർക്കർമാർ കുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് അച്ഛനാണ് പീഡിപ്പിച്ചതെന്ന്  കുട്ടി പറഞ്ഞത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചപ്പോൾ അവർ പൊലീസിനെ വിവരം അറിയിക്കുകയായിരു ന്നു. കുട്ടിക്ക് കൂടുതൽ തുക നഷ്ടപരിഹാരമായി നൽകാൻ കോടതി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ  വൽസാ വർഗീസ് ഹാജരായി. കടയ‌്ക്കാവൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2014ൽ അറസ്റ്റ് ചെയ‌്ത പ്രതി നിലവിലും കസ്റ്റഡിയിലാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top