19 July Thursday

രക്ഷപ്പെട്ടെങ്കിലും വിശ്രമമില്ല; മറ്റുള്ളവരെത്തേടി ജോണ്‍ബായ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 7, 2017

കടലില്‍നിന്ന് രക്ഷപ്പെട്ട ജോണ്‍ബായി മത്സ്യത്തൊഴിലാളികളെ തെരയുന്നതിന് കോസ്റ്റ്ഗാര്‍ഡിനൊപ്പം പുറപ്പെടുന്നു

തിരുവനന്തപുരം> ആഴക്കടലില്‍ മുങ്ങിയ വള്ളത്തിനുമുകളില്‍ പിടിച്ചുനില്‍ക്കുന്ന മകനെ കണ്ടപ്പോള്‍ ജോണ്‍ബായ്യുടെ ഉള്ളം പിടഞ്ഞു. പിന്നെ സമയം കളഞ്ഞില്ല, മകന്‍ അജയ് ജോണിനെയും കൂട്ടാളികളെയും കൂടെക്കൂട്ടി കരയിലേക്ക്. ഇടയ്ക്ക് കോസ്റ്റല്‍ പൊലീസിന്റെ ബോട്ടെത്തി. അതില്‍ കയറി ജോണ്‍ബായ്യും മകനും കരയണഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ജോണ്‍ബായ് ബുധനാഴ്ചയും കടലില്‍ തെരച്ചിലിലാണ്. സഹോദരിയുടെ മരുമകന്‍ ഉള്‍പ്പെടെ ഇനിയുമേറെപ്പേര്‍ എത്താനുണ്ടെന്ന് ജോണ്‍ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡിന്റെ വൈഭോ കപ്പലില്‍ വച്ചാണ് പൊഴിയൂര്‍ സ്വദേശിയായ ജോണ്‍ബായിയെ കണ്ടത്. ഒപ്പം നാട്ടുകാരായ മത്സ്യത്തൊഴിലാളികളില്‍ വേറെയും. പുനര്‍ജന്മം ലഭിച്ചതിന്റ ആശ്വാസം ആ മുഖത്തുണ്ടെങ്കിലും ഇടയ്ക്ക് സങ്കടക്കടല്‍ ഇരമ്പും.
29നാണ് ജോണ്‍ബായ്യും മകന്‍ അജയ്ജോണും ഉള്‍പ്പെട്ട അഞ്ചംഗസംഘം മത്സ്യബന്ധനത്തിന് പോയത്. ഓഖി ചുഴലി ആഞ്ഞടിക്കുമ്പോള്‍ ഇവര്‍ പുറംകടലിലായിരുന്നു. പെട്ടെന്ന് വളളം മറിഞ്ഞു. ജോണ്‍ബായ്യും മറ്റുള്ളവരും നീന്താന്‍ തുടങ്ങിയപ്പോഴാണ് വള്ളത്തില്‍ മകനെ കണ്ടത്. വള്ളം ശരിയാക്കി മകനെയും കൂട്ടി രക്ഷപ്പെടാനായി ശ്രമം. അല്‍പ്പദൂരം എത്തിയപ്പോഴേക്കും കോസ്റ്റല്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ രാത്രി പതിനൊന്നരയോടെ കായംകുളത്ത് എത്തിച്ചു.
എന്നാല്‍, പൊഴിയൂരില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ 52 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ഇവര്‍ പറയുന്നു. ഇക്കൂട്ടത്തിലുള്ള അലക്സി രാജു, ജോണ്‍ബായ്യുടെ സഹോദരിയുടെ മരുമകനാണ്. ഇവരെ കണ്ടെത്താതെ വിശ്രമമില്ലെന്ന് ജോണ്‍ബായ് പറയുന്നു.
പൂന്തുറ സ്വദേശിയായ ക്ളിമാന്‍സും ജസ്റ്റസും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിലുണ്ട്. നേരത്തെ നടത്തിയ തെരച്ചലില്‍ ആരോഗ്യദാസ് എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തത് ക്ളിമാന്‍സാണ്. പൂന്തുറക്കാരായ 61 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും 27 പേര്‍ ഇനിയും തിരികെ വരാനുണ്ടെന്നും ഇവര്‍ പറയുന്നു. പൊഴിയൂരില്‍നിന്ന് പോയ 52 പേര്‍ ഇനിയും തിരികെയെത്താനുണ്ടെന്ന് അവിടെനിന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നിക്സണും ക്രിസ്റ്റഫറും ഇങ്കിള്‍ബര്‍ട്ടും പറയുന്നു. കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തുന്നത്.
പ്രധാന വാർത്തകൾ
Top