25 September Tuesday
പ്ലാസ്റ്റിക് മാലിന്യം

നഗരസഭയ്‌ക്ക്‌ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

തിരുവനന്തപുരം 

നഗരസഭയിലെ ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ നടത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബ്രാൻഡ് ഓഡിറ്റിന്റെ റിപ്പോർട്ട് മേയർ വി കെ പ്രശാന്തിന‌് കൈമാറി. നഗരസഭ മെയിൻ ഓഫീസിൽ  നടന്ന ചടങ്ങിൽ ഗ്രീൻ ആർമി പ്രവർത്തകരാണ് റിപ്പോർട്ട് കൈമാറിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളിലെ ഓരോ ബ്രാന്റിന്റെയും വിഹിതം കണ്ടുപിടിക്കുന്നതിനായുള്ള ശാസ്ത്രീയമാർഗമാണ് ബ്രാന്റ് ഓഡിറ്റ്.   ജിഎഐഎ  (ഏഹീയമഹ അഹഹശമിരല ളീൃ കിരശിലൃമീൃേ അഹലൃിേമശ്േലെ)  എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഗ്ലോബൽ ബ്രാന്റ് ഓഡിറ്റിന്റെ ഭാഗമായാണ് ഗ്രീൻ ആർമി തിരുവനന്തപുരത്ത് ബ്രാന്റ് ഓഡിറ്റ് സംഘടിപ്പിച്ചത്. ബ്രാന്റ് ഓഡിറ്റ് പ്രകാരം നഗരത്തിന‌് ഉൽപാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ 50 ശതമാനവും ഉൽപാദിപ്പിക്കുന്നത് ആറുബ്രാൻഡുകളാണ്. നഗരത്തിലെ വീടുകളിൽ പ്രതിമാസം 1.4 കിലോ പ്ലാസ്റ്റിക് മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്നതായി കണക്കാക്കുന്നു. ബ്രാന്റ് ഓഡിറ്റ് റിപ്പോർട്ട് പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൽപാദിപ്പിക്കുന്ന 10 പ്രധാന ബ്രാന്റുകൾ മിൽമ, പെപ്സികോ, ഡെയ്ലി ഫ്രഷ്, ഹിന്ദുസ്ഥാൻ യൂണിലിവർ, കെലോഗ്സ് ഇന്ത്യ, റെക്കിറ്റ് ബെൻകീസർ, കർണാടക കോ‐ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസർ, കോൾഗേറ്റ് പാമോലീവ്, ബാബ ഇൻഡസ്ട്രീസ്, ഐറ്റിസി എന്നിവയാണ്. നഗരത്തിലെ തെരഞ്ഞെടുത്ത 135 വീടുകളിൽ നിന്നുള്ള ഒരുമാസത്തെ പ്ലാസ്റ്റിക് മാലിന്യം മെയ് 25 ന് വഴുതയ്ക്കാട് ശിശുവിഹാർ യുപിഎസിൽവച്ചാണ് ബ്രാന്റ് ഓഡിറ്റിങ്ങിന‌് വിധേയമാക്കിയത്. പ്രത്യേക പരിശീലനം നൽകിയ 80 ഗ്രീൻ ആർമി വോളന്റിയർമാരാണ് ഓഡിറ്റിൽ പങ്കെടുത്തത്.  2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് പ്രകാരം നടപ്പാക്കുന്നതിനുള്ള അടിസ്ഥാനരേഖയായി ബ്രാന്റ് ഓഡിറ്റ് റിപ്പോർട്ട് കണക്കാക്കണമെന്നും ബ്രാന്റ് ഓഡിറ്റിൽ കണ്ടെത്തിയ 20 പ്രധാന ബ്രാന്റുകളുടെ ഉടമകളുമായി പ്രാഥമികമായി ചർച്ച നടത്തണമെന്നും ഗ്രീൻ ആർമി ശുപാർശ ചെയ്തു. പാൽ, പാലുല്പന്നങ്ങൾ എന്നിവയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കുന്ന പ്രധാന ബ്രാന്റുകൾ.  മിൽക്ക‌് കിയോസ‌്ക്കുകൾ സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായണമെന്നും റിപ്പോർട്ടിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട‌്. റിപ്പോർട്ട് വിശദമായി പഠിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മേയർ  അറിയിച്ചു. മറ്റ് കോർപ്പറേഷനുകളിലെ മേയർമാരുമായും സംസ്ഥാന സർക്കാരുമായും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. നഗരസഭ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ശ്രീകുമാർ അധ്യക്ഷനായി. യോഗത്തിൽ സ്ഥിരം സമിതി ചെയർമാൻമാരായ വഞ്ചിയൂർ പി ബാബു, സഫീറാബീഗം, ആർ സതീഷ്കുമാർ എന്നിവർ പങ്കെടുത്തു. സി ജയകുമാർ ബ്രാന്റ് ഓഡിറ്റ് റിപ്പോർട്ട് വിശദീകരിച്ചു. ഹെൽത്ത് ഓഫീസർ ഡോ.എ ശശികുമാർ സ്വാഗതവും ഗ്രീൻ ആർമി സീനിയർ മെന്റർ ഡോ.അഷിൻ മോഹൻ നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top