19 September Wednesday

കുട്ടികൾക്ക് മാത്രമായി കാത്ത് ലാബ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
തിരുവനന്തപുരം
സർക്കാർ മേഖലയിലെ കുട്ടികൾക്ക് മാത്രമായുള്ള ആദ്യ കാത്ത് ലാബ‌് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. ആദ്യ രണ്ടുദിവസത്തിൽ ജനിതക ഹൃദ്രോഗമുള്ള 16 കുട്ടികൾക്ക‌് കാത്ത‌്‌ലാബിൽ വിജയകരമായി ചികിത്സ ലഭ്യമാക്കി. 10 മാസം മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ചികിത്സ നൽകിയത്. ഇവർ രണ്ടുദിവസത്തിനുള്ളിൽ ആശുപത്രി വിടും. 
 
കുട്ടികളിലും നവജാതശിശുക്കളിലും കാണപ്പെടുന്ന ജനിതക ഹൃദ്രോഗങ്ങളിൽ പകുതിയോളം ഹൃദയം തുറന്ന് ശസ്ത്രക്രിയ ചെയ്യാതെ കാത്ത് ലാബ് വഴി ചികിത്സിച്ച് ഭേദമാക്കാം. ഞരമ്പ് വഴി ഉപകരണം കടത്തിവിട്ടാണ് ഹൃദയത്തിലെ സുഷിരങ്ങൾ അടയ്ക്കുക, ചുരുങ്ങിയ വാൽവുകൾ പൂർവസ്ഥിതിയിലാക്കുക,  ബലൂൺ ഏട്രിയൽ സെപ്‌റ്റോസ്റ്റമി എന്നിവ കാത്ത് ലാബിൽ ചെയ്യുന്നത‌്. 
 
മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഇന്റർവെൻഷണൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോക്ടർ കെ ശിവകുമാറിന്റെ മേൽനോട്ടത്തിൽ എസ്എടി കാർഡിയോളജി വിഭാഗം മേധാവി ഡോ. എസ് ലക്ഷ്മിയാണ് കാത്ത് ലാബ് ചികിത്സ നടത്തിയത്. 
സ്വകാര്യ ആശുപത്രികളിൽ ഒന്നരലക്ഷത്തിനു മുകളിൽ ചെലവുവരുന്ന ചികിത്സ സൗജന്യമായാണ് കാത്ത‌് ലാബിൽ ചെയ്യുന്നതെന്ന‌് ആരോഗ്യ മന്ത്രി കെ കെ ശൈലജ, ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top