20 July Friday

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ അഴിമതി: ജുഡീഷ്യല്‍ കമീഷന്‍ സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018
കോവളം > വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണ കരാറിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായ മൂന്നംഗ  കമീഷന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. കമീഷന്‍ അംഗങ്ങളായ മുന്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയ സെക്രട്ടറി കെ മോഹന്‍ദാസ്, മുന്‍ ഓഡിറ്റ് ആന്‍ഡ് അക്കൌണ്ട്സ് സര്‍വീസ് ഓഫീസര്‍  പി ജെ മാത്യു, കെ സുശീല്‍ നായര്‍, പ്രോജക്ട് മേധാവി വിനയ് സിംഗാള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. 
പദ്ധതി പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തികള്‍ കമീഷന്‍ വിലയിരുത്തി. പദ്ധതി രൂപരേഖകള്‍ പരിശോധിച്ചു. തുറമുഖ നിര്‍മാണ കമ്പനി (വിസില്‍) എംഡി ഡോ ജയകുമാര്‍, അദാനി പോര്‍ട്സ് ആന്‍ഡ് സീസ് കമ്പനി സിഇഒ സന്തോഷ് കുമാര്‍ മഹാപത്ര എന്നിവര്‍ പദ്ധതി വിശദീകരിച്ചു. ഏഴു മാസങ്ങള്‍ക്കു ശേഷമാണ് കമീഷന്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കുന്നത്. തുറമുഖ നിര്‍മാണ കരാര്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണ കമീഷനെ നിയോഗിച്ചത്.
ഹിയറിങ് തുടങ്ങുന്നതിനു മുമ്പ് പദ്ധതിയെക്കുറിച്ച് മനസിലാക്കുന്നതിനനാണ് പ്രദേശം സന്ദര്‍ശിച്ചതെന്ന് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. നോട്ടീസിനു മറുപടി പത്തിനകം ലഭിക്കുമെന്നാണ് പ്രതീഷ. പദ്ധതികളെക്കുറിച്ച് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും എല്ലാം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
Top