17 November Saturday

നവകേരള ഭാഗ്യക്കുറി ഇന്ന് പ്രകാശനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

തിരുവനന്തപുരം

പ്രളയ ദുരിതാശ്വാസത്തിനും, കേരളത്തിന്റെ പുനർനിർമ്മിതിക്കും ധനസമാഹരണത്തിനുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ‘നവകേരള’ ഭാഗ്യക്കുറി ടിക്കറ്റ് തിങ്കളാഴ‌്ച പ്രകാശനം ചെയ്യും.  ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം സ്ത്രീ സൗഹൃദ കേന്ദ്രത്തിൽ (ജെൻഡർ പാർക്ക്) നടക്കുന്ന ചടങ്ങിൽ രാവിലെ 10ന് ധന മന്ത്രി ഡോ.ടി എം തോമസ് ഐസക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആദ്യ ടിക്കറ്റ് നൽകും.  മന്ത്രി ജി സുധാകരൻ അധ്യക്ഷനാവും.  മന്ത്രി പി തിലോത്തമൻ ആദ്യ വില്പന നടത്തും.  ജനപ്രതിനിധികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. നവകേരള ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ അറ്റാദായമായി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.  ഈ തുക പൂർണ്ണമായും ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.  സാധാരണ ഭാഗ്യക്കുറിയിൽ നിന്നും വ്യത്യസ്തമായി വലിയ സമ്മാനങ്ങൾ ഇല്ലാതെയാണ് നവകേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന.  ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേർക്ക് ലഭിക്കും.  5000 രൂപ വീതമുള്ള 100800 സമ്മാനങ്ങളും നൽകും.  250 രൂപയാണ് ടിക്കറ്റ് വില.  ഒക്‌ടോബർ മൂന്നിനാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാർക്ക് പുറമെ താല്പര്യമുള്ള വ്യക്തികൾ, സന്നദ്ധ/സാംസ്‌കാരിക സംഘടനകൾ, സർവീസ് സംഘടനകൾ, ക്ലബുകൾ, സ്‌കൂൾകോളേജ് പി.ടി.എ.കൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ തുടങ്ങിയവർക്ക് നവകേരള ഭാഗ്യക്കുറി വില്പനയ്ക്കായി താത്കാലിക ഏജൻസി ലഭിക്കും.  സൗജന്യമായാണ് ഏജൻസി ലഭിക്കുക.  ഇതിനായി ചുമതലപ്പെട്ടവർ ആധാർ കാർഡ്/വിലാസം തെളിയിക്കുന്ന രേഖയുമായി അതത് ജില്ല/സബ് ഓഫീസിൽ ബന്ധപ്പെടണം.  ഇതിനായി പ്രത്യേക സംവിധാനം എല്ലാ ഭാഗ്യക്കുറി ഓഫീസുകളിലും ഒരുക്കിയിട്ടുണ്ട്.  ടിക്കറ്റിന് 25 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top