18 September Tuesday

റെയ‌്ഡിൽ 51 ഗ്യാസ് സിലിണ്ടർ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
കോവളം 
അനധികൃത ഗ്യാസ് റീഫില്ലിങ് കേന്ദ്രങ്ങളിൽ ജില്ലാ സിവിൽ സപ്ലൈസ്‌ ഓഫീസറുടെ റെയ്ഡ്. 51 ഗ്യാസ് സിലിണ്ടർ പിടികൂടി. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരാണ് സിലിണ്ടറുകൾ പിടികൂടിയത്.  വിഴിഞ്ഞം ഹാർബർ റോഡിലുള്ള സജോഷ്, താഹാ എന്നിവരുടെ  കച്ചവട സ്ഥാപനങ്ങളിൽനിന്നാണ് സിലിണ്ടറുകൾ പിടികൂടിയത്. 
ഭാരത് പെട്രോളിയം കമ്പനിയുടെ 14 നിറച്ച സിലിണ്ടർ, 13 കാലി സിലിണ്ടർ, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ 15 നിറച്ച സിലിണ്ടർ, 3 കാലി സിലിണ്ടർ, ഇൻഡേൻ കമ്പനിയുടെ 6 കാലി സിലിണ്ടർ എന്നിവയും ഗ്യാസ് റീഫില്ലിങിന് ഉപയോഗിച്ച ട്യൂബുകൾ, റെഗുലേറ്ററുകൾ എന്നിവയാണ് പിടികൂടിയത്. ഗാർഹിക ഉപയോഗത്തിനായി സർക്കാർ സബ്സിഡിയോടുകൂടി നൽകുന്ന സിലിണ്ടറുകൾ ഏജൻസി ജീവനക്കാരുടെ ഒത്താശയോടെ അമിതലാഭത്തിനായി റീഫില്ലിങ് നടത്താൻ അനധികൃതമായി ശേഖരിച്ചവയാണെന്നും ജില്ലാ  കലക്ടർക്ക് റിപ്പോർട്ട് നൽകിയശേഷം സർക്കാരിലേക്ക് കണ്ടു കെട്ടുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും  ഉദ്യോഗസ്ഥർ അറിയിച്ചു.
വരുംദിവസങ്ങളിലും പരിശോധനയും  കർശന നടപടിയും തുടരുമെന്നും അനധികൃതമായി എഎവൈ, മുൻഗണനാ കാർഡുകൾ കൈവശം വയ‌്ക്കുന്നവരെ കണ്ടെത്തി കാർഡുകൾ പിടിച്ചെടുക്കാനുള്ള പരിശോധന തുടരുമെന്നും അനധികൃതമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ ഇക്കണോമിക് കോസ്റ്റും പിഴയും ഈടാക്കുന്നതടക്കമുള്ള ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി എസ് റാണി അറിയിച്ചു. പരിശോധനയിലും അനന്തര നടപടിയിലും നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ വി എം ജയ്കുമാർ, റേഷനിങ് ഇൻസ്പെക്ടർമാരായ മാഹീൻ അബൂബക്കർ, സുജ, ബിന്ദു കെ എെ,  ജലജകുമാരി,  ബിന്ദു എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top