16 October Tuesday
തെളിഞ്ഞു 2000 ദീപങ്ങള്‍

വരവേറ്റു പുതുവര്‍ഷത്തെ അവരുടെ ഓര്‍മയില്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയില്‍ കോവളം തീരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിക്കുന്നു

തിരുവനന്തപുരം > ഓഖി ദുരന്തം കവര്‍ന്നവരുടെ ഓര്‍മകളുമായി പുതുവര്‍ഷത്തെ വരവേറ്റ് കേരളം. തലസ്ഥാനത്ത് ഉള്‍പ്പെടെ പുതുവര്‍ഷരാവിന്റെ ആഘോഷങ്ങള്‍ക്കും ആഹ്ളാദാരവങ്ങള്‍ക്കും മീതെ മനസ്സുകളില്‍ നിറഞ്ഞത് ഓഖി ദുരന്തത്തില്‍ വേര്‍പെട്ടവരുടെ മുഖങ്ങള്‍. മണ്‍ചിരാതുകളും മെഴുകുതിരികളും തെളിഞ്ഞപ്പോള്‍ മനസുകളില്‍ അവരുടെ സ്മരണകള്‍ ജ്വലിച്ചു. ദുരന്തത്തിന്റെ തീരാനോവ് അനുഭവിക്കുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യം കൂടിയായി കോവളത്ത് തെളിഞ്ഞ പ്രകാശനാളങ്ങള്‍. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതുവത്സര ആഘോഷം ഒഴിവാക്കിയിരുന്നു. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചും ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ കോവളത്ത് 1000 മെഴുകുതിരികളും 1000 മണ്‍ചെരാതുകളും തെളിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആദ്യ തിരിതെളിയിച്ചത്. കോവളത്തിനുപുറമേ മറ്റുതീരങ്ങളിലും ആഘോഷ പരിപാടി ഒഴിവാക്കി. കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെയുള്ള പതിവ് ആഘോഷ രീതികളുമുണ്ടായില്ല. ഓഖിയെ തുടര്‍ന്ന് തലസ്ഥാനത്തുള്‍പ്പെടെ ഇക്കുറി പുതുവത്സരാഘോഷത്തിന്റെ നിറം മങ്ങി. ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളോടെയാണ് തീരദേശം പുതുവത്സരത്തെ വരവേറ്റത്. ഹോട്ടലുകളില്‍ പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ സംഗീത വിരുന്നുള്‍പ്പെടെ പ്രത്യേക പരിപാടികള്‍ ഒരുക്കിയിരുന്നു. പ്രത്യേക പാക്കേജുകളും സമ്മാന പദ്ധതികളും ഹോട്ടലുകളിലും ക്ളബ്ബുകളിലും ഒരുക്കിയിരുന്നു. ബീച്ചുകള്‍, തിയറ്ററുകള്‍ എന്നിവിടങ്ങളില്‍ പുതുവര്‍ഷരാവില്‍ വന്‍തിരക്കനുഭവപ്പെട്ടു. കര്‍ശന സുരക്ഷയാണ് പുതുവര്‍ഷ ആഘോഷം പ്രമാണിച്ച് പൊലീസ് ഒരുക്കിയത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വിവിധ സ്ഥലങ്ങളില്‍ പ്രത്യേകം പൊലീസ് സംഘത്തെ നിയോഗിച്ചു. സ്ത്രീകളുടെ സുരക്ഷയ്ക്കായി പിങ്ക് പൊലീസ് ഉള്‍പ്പെടെ രംഗത്തുണ്ടായി. കോവളത്ത് നടന്ന ചടങ്ങില്‍ മന്ത്രിയ്ക്ക് പുറമെ മേയര്‍ വി കെ പ്രശാന്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍, കൌണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top