23 September Sunday

നവ കേരളത്തിന‌് സർക്കാരുമായി ചേർന്ന‌് പ്രവർത്തിക്കണം: ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


കൊച്ചി
നവ കേരളം സൃഷ‌്ടിക്കാൻ പൊതുസമൂഹം സർക്കാർ സംവിധാനങ്ങളോടു ചേർന്ന്  പ്രവർത്തിക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ‌് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. പ്രളയം കഴിഞ്ഞുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ അതീവ ഗൗരവത്തോടെ ചെയ്യേണ്ടതാണ‌്. ഇതിൽ ഓരോരുത്തരും പങ്കാളികളാകണം. കേരള റീജിയൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി)ആഭിമുഖ്യത്തിൽ വരാപ്പുഴ ആർച്ച് ബിഷപ‌് ഹൗസിൽ സംഘടിപ്പിച്ച ‘കരകയറും കേരളം’ കോൺക്ലേവിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തുടനീളം ജാതി, മത ചിന്തകൾക്കതീതമായി ഒരുമിച്ച് പ്രവർത്തിക്കാൻ നമുക്ക് കഴിഞ്ഞു. പുനർനിർമാണ പ്രവർത്തനങ്ങളിലും ഇത് പ്രകടമാകണം. തിരുനാൾ ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാനുള്ള വരാപ്പുഴ അതിരൂപതയുടെ ആഹ്വാനം വൈദികരും വിശ്വാസികളും സ്വീകരിച്ചതിൽ സന്തോഷമുണ്ട്. തുടർന്നും ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ വി തോമസ് എംപി, എംഎൽഎമാരായ ജോൺ ഫെർണാണ്ടസ്, ഹൈബി ഈഡൻ,  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ, കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ, സെക്രട്ടറി സ്മിതാ ബിജോയ് എന്നിവർ സംസാരിച്ചു.
‘പുനരധിവാസവും പുനർനിർമാണവും: നടപടികളും പ്രവർത്തനവും’ എന്ന സെഷനിൽ കെ കൃഷ്ണൻകുട്ടി എംഎൽഎ,   ഡോ. എം കെ ജോർജ്, കെ എ ജോണി എന്നിവർ വിഷയാവതരണം നടത്തി. ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് മോഡറേറ്ററായി. ഫാ. തോമസ് തറയിൽ, സെക്രട്ടറി ആന്റണി ആൽബർട് എന്നിവർ സംസാരിച്ചു. ‘സാമ്പത്തിക പ്രത്യാഘാതങ്ങൾ’ എന്ന  സെഷനിൽ ഡോ. മാർട്ടിൻ പാട്രിക്, ലിഡ ജേക്കബ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല രജിസ്ട്രാർ ഡോ. വിക്ടർ ജോർജ് മോഡറേറ്ററായി.  കെആർഎൽസിസി രാഷ്ട്രീയകാര്യസമിതി അംഗം പി ജെ തോമസ്, സിഎസ്എസ് വൈസ്‌ചെയർമാൻ ബെന്നി പാപ്പച്ചൻ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന പൊതുചർച്ചയിൽ മോൺ. യൂജിൻ എച്ച‌് പെരേര, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെ ജെ  സോഹൻ എന്നിവർ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top