25 September Tuesday

പെരിങ്ങര ക്യാമ്പിലെ കുട്ടികൾക്കൊപ്പം മന്ത്രിയുടെ തിരുവോണം

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

പെരിങ്ങര ജിഎച്ച്എസിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്കൊപ്പം ജലവിഭവ മന്ത്രി മാത്യു ടി തോമസ് തിരുവോണ സദ്യ കഴിക്കുന്നു

 പത്തനംതിട്ട

പ്രളയം കനത്ത നാശം വിതച്ച അപ്പർകുട്ടനാട്ടിലെ പെരിങ്ങര ജിഎച്ച്എസിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികൾക്കൊപ്പം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ തിരുവോണം. മുതിർന്നവരും കുട്ടികളും ഒന്നിച്ച് അണിനിരന്നു വിശിഷ്ടാതിഥിയെ ഓണഘോഷത്തിലേക്കു സ്വാഗതം ചെയ്തു. 42 കുടുംബങ്ങളിലെ 154 പേരാണ് ഈ ക്യാമ്പിൽ കഴിയുന്നത്. കുട്ടികൾ തയാറാക്കിയ മനോഹരമായ അത്തപ്പൂക്കളം മന്ത്രി സന്ദർശിച്ചു. അത്തപ്പൂക്കളം തയാറാക്കിയ കുട്ടികൾ ഓരോരുത്തരെയും മന്ത്രി അഭിനന്ദിച്ചു. തുടർന്ന് കുട്ടികൾക്കൊപ്പമിരുന്ന് അദ്ദേഹം ഓണസദ്യ കഴിച്ചു. 
പ്രളയക്കെടുതിക്കിരയായവർക്ക് എല്ലാ സഹായവും നൽകുമെന്നും സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണസദ്യ ഒരുക്കാൻ അതത് സ്ഥലത്തെ ജനപ്രതിനിധികളും ക്യാമ്പ് നടത്തുന്നവരും പരിശ്രമിച്ചു. വില്ലേജ് ഓഫീസിൽ നിന്നും ലഭ്യമാക്കിയ അരിക്കു പുറമേ തദ്ദേശീയമായി പച്ചക്കറി ഉൾപ്പെടെ സംഘടിപ്പിച്ചു. വിഷമഘട്ടത്തിലും ഓണസദ്യ ഇല്ലാത്ത സ്ഥിതി വരാതിരിക്കാൻ എല്ലാവരും ശ്രമിച്ചു. ഇതിനായി മുൻകൈയെടുത്ത എല്ലാവരേയും അഭിനന്ദിക്കുന്നു. ആഹ്ളാദതിമിർപ്പ് ഇല്ലെങ്കിലും ഓണസദ്യ എന്ന പരമ്പരാഗത ആചാരം എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും യാഥാർഥ്യമാക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ക്യാമ്പിന്റെ പ്രവർത്തനം മന്ത്രി വിലയിരുത്തി. ക്യാമ്പിൽ കഴിയുന്നവരോട് നേരിട്ടു ചോദിച്ച് അദ്ദേഹം കാര്യങ്ങൾ പരിശോധിച്ചു. തുടർന്ന് വിഷമങ്ങൾ ഒരു നിമിഷം മറന്ന് ക്യാമ്പിലെ കുട്ടികൾ താരക പെണ്ണാളേ... എന്ന ഗാനം ആലപിച്ചു. മന്ത്രിയും ക്യാമ്പിലെ മറ്റുള്ളവരും ശ്രോതാക്കളായി. പെരിങ്ങര പഞ്ചായത്ത് 12‐ാം വാർഡ് മെമ്പർ സിബിച്ചൻ, പ്രമോദ് ഇളമൺ, ഗീത പ്രസാദ്, അശോക് കുമാർ, കൃഷ്ണകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പ്രധാന വാർത്തകൾ
Top