18 November Sunday

പുലിയാണ് ഈ ആങ്ങമൂഴി ബസ്

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018
ചിറ്റാർ 
പ്രതിസന്ധിയും നഷ്ടവും മാത്രം നീക്കിബാക്കിയായി വിലപിക്കുന്ന കെഎസ്ആർടിസിയുടെ അഭിമാനം ഉയർത്തി കിഴക്കൻ മേഖലയിലേക്ക് സർവീസ് നടത്തുന്ന പത്തനംതിട്ട‐  ആങ്ങമൂഴി ബസ് വിജയകരമായ അഞ്ചാം വയസിലേക്ക്. ഔദ്യോഗികമായി 11.40 ആങ്ങമൂഴി എന്ന് അറിയപ്പെടുന്ന ഈ സർവീസിനെ യാത്രക്കാർ ഇതിനകം ഹൃദയത്തിലേറ്റിക്കഴിഞ്ഞു. യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യം ഒരുക്കി കാലത്തിനനുസരിച്ച് മാറാൻ തയ്യാറെടുക്കുകയാണ് ഈ ബസ്.
ബസ് ആദ്യമായി ആങ്ങമൂഴിയെ ലക്ഷ്യമാക്കി ഉരുണ്ടത് 2013 ജൂലൈ 23 നാണ്. അന്നു മുതൽ ഇന്നുവരെ സർവീസ് മുടങ്ങാതെ തങ്ങളെ വിശ്വസിച്ച് യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് മികച്ച സേവനം നൽകാൻ ഈ വണ്ടിക്ക് കഴിഞ്ഞു. പൂർണമായും സ്വകാര്യ ബസുകൾ ഇടതടവില്ലാതെ സർവീസ് നടത്തുന്ന റൂട്ടിലാണീ കെഎസ്ആർടിസി ബസ് വിജയം നേടിയത്. ഉദ്ഘാടനംചെയ്ത അന്നു മുതലുള്ള ജീവനക്കാരാണ് ഇന്നുവരെ ഈ റൂട്ടിൽ ജോലി ചെയ്യുന്നത്. പത്തനംതിട്ട ഡിപ്പോയിൽ സ്റ്റേ സർവീസിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ബസും ഇതാണ്. ഈ സർവീസിനൊപ്പം ആരംഭിച്ച അത്തിക്കയം, കുളത്തുമൺ ബസുകൾ ഏറെ താമസിയാതെ നിലച്ചു. 
കെഎസ്ആർടിസി മാനേജ്മെന്റും മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരും നൽകിവരുന്ന മികച്ച പിന്തുണയാണ് ഒരു ദിവസം പോലും മുടങ്ങാതെ ബസിനെ മുന്നോട്ടു കുതിക്കാൻ സഹായിക്കുന്നത്. ഓട്ടം അവസാനിപ്പിച്ച് രാത്രിയിൽ ആങ്ങമൂഴിയിലാണ് ബസിലെ ജീവനക്കാർ വിശ്രമിക്കുന്നത്. ഇതിനായി സീതത്തോട് പഞ്ചായത്ത് ഭരണസമിതി എല്ലാ സൗകര്യങ്ങളും ഒരുക്കി ഒരു മുറി ഇവർക്ക് നൽകിയിട്ടുണ്ട്.
സ്വകാര്യ ബസ് മേഖലയിലെ ചിലർ ആങ്ങമൂഴിയിൽ നിരവധി തവണ ഈ ബസിന് അള്ളുവയ്ക്കുകയും ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട് റാന്നി കോടതിയിൽ രണ്ട് കേസുകൾ നിലവിലുണ്ട്.
 എ കെ ബിജുകുമാർ, കുര്യൻ വർഗീസ് എന്നീ ഡ്രൈവർമാരും കെ ബി ഗുരുപ്രകാശ്, അരുൺകുമാർ എന്നീ കണ്ടക്ടർമാരുമാണ് ഈ ബസിൽ പതിവായി ജോലിചെയ്യുന്നത്.
 
 
പ്രധാന വാർത്തകൾ
Top