21 November Wednesday

അടൂരിൽ ആയുധശേഖരം: ഷെഫീഖിനെ എത്തിച്ച് തെളിവെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

 അടൂർ

അടൂരിൽ ആയുധശേഖരം പിടിച്ചെടുത്ത കേസിൽ റിമാൻഡിലായിരുന്ന എസ്ഡിപിഐ നേതാവ്  പറക്കോട് ഗാലക്സി ഹൗസിൽ ഷെഫീഖിനെയും മൊബൈൽ ഷോപ്പിലെ ജീവനക്കാരൻ അറുകാലിക്കൽ കിഴക്ക് ശ്രീവിലാസം വീട്ടിൽ ശ്രീക്കുട്ട(19)നെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ആയുധങ്ങൾ എത്തിച്ച രണ്ട് പേരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഇവർക്കായി അന്വേഷണവും ഊർജിതമാക്കി. 
പഴകുളത്തും പറക്കോട്ടും അടൂരിലും അക്രമം നടത്താനാണ് ആയുധങ്ങൾ ശേഖരിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഷെഫീഖ് പൊലീസിനോട് പറഞ്ഞതായി അറിയുന്നു. ഷെഫീഖിന് ആയുധങ്ങൾ എത്തിച്ചു കൊടുത്തവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആയുധ ശേഖരം കണ്ടെത്തിയ ഷെഫീഖിന്റെ വീട്ടിലെ രഹസ്യ അറയും അടൂർ കെഎസ്ആർടിസി സ്റ്റേഷന് മുന്നിലെ ഗാലക്സി മൊബൈൽ ഷോപ്പിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.രണ്ട് മഴു വാങ്ങിയെന്ന് പറഞ്ഞ കടയിലും ഷെഫീഖിനെ കൊണ്ടുപോയി തെളിവെടുത്തു. 
അടൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ജി സന്തോഷ് കുമാർ നൽകിയ അപേക്ഷയിലാണ് രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മൊബൈൽ ഷോപ്പ് എന്ന പേരിൽ കട വാടകയ്ക്കെടുത്ത് ആയുധശേഖരണത്തിന്  കട ഉപയോഗിച്ചതിന് പൊലീസ് കടയുടെ ലൈസൻസ് റദ്ദാക്കാൻ നഗരസഭയ്ക്ക് കത്ത് നൽകുമെന്നും പൊലീസ് അറിയിച്ചു. ഡിവൈഎസ്പി ആർ ജോസ്, സിഐ ജി സന്തോഷ് കുമാർ, എസ്ഐ രമേശ്  എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.ബുധനാഴ്ച രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടരുന്നു.
 
 
പ്രധാന വാർത്തകൾ
Top