19 September Wednesday

കക്കാട്ടാറും പമ്പയും പെരുനാടിനെ തകർത്തു കളഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018
ചിറ്റാർ
കക്കാട്ടാറും പമ്പയാറും ഏറെ ദൂരം ഒഴുകി സംഗമിക്കുന്ന മണ്ണ് പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ബുദ്ധിമുട്ടുന്നു. 15 വാർഡുള്ള റാന്നി പെരുനാട് പഞ്ചായത്താണ് പ്രളയജലം അവശേഷിപ്പിച്ച ദുരിതത്തിൽ ബുദ്ധിമുട്ടുന്നത്. രണ്ട് ആറുകളിൽ നിന്നും ഒരേ സമയം കുതിച്ചെത്തിയ വെള്ളം പെരുനാട് പഞ്ചായത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പമ്പ ആനത്തോട് ഡാമുകൾ തുറന്നു വിട്ട വെള്ളവും മൂഴിയാർ ഡാമിൽ നിന്നും വന്ന വെള്ളവും പഞ്ചായത്തിലെ സാധാരണ ജനജീവിതത്തിന്റെ താളം തെറ്റിച്ചു. പഞ്ചായത്തിലെ 1,2,11,12,13,14,15 വാർഡുകൾ പ്രളയബാധിത മേഖലകളാണ്.
പെരുനാടിന്റെ കിഴക്കൻ പ്രദേശമായ പമ്പാവാലി അറയാഞ്ഞിലിമൺ പ്രദേശം ദിവസങ്ങളായി ഒറ്റപ്പെട്ടിരിക്കുന്നു. കൂറ്റൻ തടികൾ വന്നിടിച്ച് മാടമൺ പാലം തകരാറിലായി.പെരുനാട് ചന്ത, കൊച്ചുപാലം ജങ്ഷൻ, പമ്പയാറും കക്കാട്ടാറും സംഗമിക്കുന്ന പൂവത്തുംമൂട് ജങ്്ഷൻ, മുക്കം പ്രദേശം ഉൾപ്പെടെ നിരവധി വീടുകളും കടകളും കൃഷിയും നശിച്ചിട്ടുണ്ട്. മാടമൺ സ്കൂളിനു സമീപം കയറിയ വെള്ളം നിരവധി വീടുകളെ വെള്ളത്തിനടിയിലാക്കി. കൊച്ചുപാലം ജങ്ഷനിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ്, പെരുനാട് സഹകരണ ബാങ്ക് മാടമൺ ശാഖ എന്നിവിടങ്ങളിലും വെള്ളം കയറി നാശം വിതച്ചു. വെള്ളം ഇറങ്ങിയപ്പോൾ അവശേഷിച്ച കട്ടപിടിച്ച ചെളിനീക്കം ചെയ്യാൻ ജനങ്ങൾ ഇപ്പോൾ പാടുപെടുകയാണ്. കിണറുകളിൽ മലിനജലം കയറിയതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നും പ്രത്യേക വാഹനങ്ങളിൽ വെള്ളമെത്തിക്കുകയാണ്.
 
 
പ്രധാന വാർത്തകൾ
Top