Top
21
Monday, August 2017
About UsE-Paper

വനാതിര്‍ത്തിയില്‍ ഒറ്റയാന്റെ വിളയാട്ടം; നാട്ടുകാര്‍ ഭീതിയില്‍

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

 റാന്നി > വടശേരിക്കര ഒളികല്ലുഭാഗത്ത് സന്ധ്യയായാല്‍ ഒറ്റയാന്റെ വിളയാട്ടം മൂലം ഭീതിയിലാണ്ട് നാട്ടുകാര്‍. ഒന്നുംചെയ്യാന്‍ കഴിയാതെ വനംവകുപ്പ്. പഞ്ചായത്തിന്റെ വനാതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളായ ഒളികല്ല്, ചെമ്പരത്തിമൂട്, ബൌണ്ടറി, പേഴുംപാറ, അരീക്കക്കാവ്, മണിയാര്‍ ഭാഗത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ നേരം ഇരുട്ടിയാല്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയിലാണ്. വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ പകല്‍ പോലും ഭയത്തിലാണ്. 

വനത്തില്‍നിന്ന് ഒറ്റയാന്റെ ചിഹ്നംവിളിയും മരക്കൊമ്പ് ഒടിക്കുന്ന ശബ്ദവും പകലും കേള്‍ക്കാം. സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗം പ്രവീണ്‍ പ്രഭാകരനും സഹോദരന്‍ പ്രഭുല്‍ പ്രഭാകരനും കാട്ടാനയ്ക്ക് മുമ്പില്‍ പെട്ടതാണ് അവസാനത്തെ സംഭവം. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയാണ് ബൌണ്ടറി-ചെമ്പരത്തിമൂട്-വടശേരിക്കര റോഡില്‍ ഇവര്‍ സഞ്ചരിച്ച കാറിനുനേരേ ചിഹ്നംവിളിയുമായി ഒറ്റയാനെത്തിയത്. കാര്‍ പെട്ടെന്ന് പായിച്ചതിനാല്‍ അപകടം ഒഴിവായി. 
ഒറ്റപ്പെട്ടുകിടക്കുന്ന ഒളികല്ല് പ്രദേശത്തേക്ക് വടശേരിക്കരയില്‍നിന്നും പോകുന്ന ഏക വഴി സന്ധ്യയാകുന്നതോടെ ഒറ്റയാന്‍ കൈയടക്കും. ജീവനില്‍ ഭയന്നാണ് ഇവിടുത്തുകാര്‍ വടശേരിക്കര ടൌണില്‍നിന്നും രാത്രി വീടുകളിലേക്ക് പോകുന്നത്. രാത്രി ഒരാള്‍ക്ക് രോഗംവന്നാല്‍ പോലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. 
കടുത്ത വേനലില്‍ വനത്തിലെ ജലസ്രോതസുകള്‍ വറ്റിയതും നാട്ടില്‍ ചക്കപ്പഴത്തിന്റെ സീസണായതുമാണ് കാട്ടാനകളെ നാട്ടിലേക്ക് ആകര്‍ഷിക്കുന്നത്. ബൌണ്ടറി തോട്ടിലെ വെള്ളം കുടിക്കാനാണ് ഒറ്റയാന്‍ ഇവിടെയെത്തുന്നത്. ആനയിറങ്ങുമ്പോള്‍  വന്ന് ശബ്ദമുണ്ടാക്കി അവയെ കാട്ടിലേക്ക് ഓടിച്ചുവിടാന്‍ മാത്രമേ ഇപ്പോള്‍ വനംവകുപ്പിനാകുന്നുള്ളു. അവ നാട്ടില്‍ ഇറങ്ങി ജീവനും സ്വത്തിനും ഭീഷണിയാവുന്നത് തടയാന്‍ വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഇതേവരെ നടപടിയൊന്നുമായിട്ടില്ല.