24 September Monday

സഹകരണ ബാങ്കുകളിൽ മൈക്രോ ഫിനാൻസ് പദ്ധതി ആരംഭിക്കും: മന്ത്രി കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

 ചിറ്റാർ 

തീവെട്ടിക്കൊള്ള പലിശക്കാരിൽനിന്ന്  ജനങ്ങൾക്ക് മോചനം നൽകാൻ ഗ്രാമപ്രദേശങ്ങളിൽ സഹകരണ ബാങ്കുകൾ വഴി മൈക്രോ ഫിനാൻസ് പദ്ധതി സർക്കാർ ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 
വയ്യാറ്റുപുഴ സർവീസ് സഹകരണ ബാങ്ക് ചിറ്റാറിൽ പണിത പുതിയ ശാഖാ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാരായ ഇടപാടുകാർ സഹകരണ ബാങ്കുകളിലേക്ക് നല്ല നിലയിൽ വരേണ്ടതുണ്ട്. ആധുനീകവൽക്കരണമാണ് അതിന് പോംവഴി. അവരുടെ കൈയ്യിലിരിക്കുന്ന സ്മാർട്ട് ഫോൺ വഴി ബാങ്ക് ഇടപാടുകൾ നടത്താൻ കഴിയണം. ആ നിലയിലേക്ക് മാറാനുള്ള ശ്രമത്തിലാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം ‐ മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച പകൽ 2.30 ന് ഡിപ്പോ ജങ്ഷനിൽനിന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഘോഷയാത്രയോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. മാർക്കറ്റ് ജങ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് ബിജു പടനിലം അധ്യക്ഷനായി.
കോർ ബാങ്കിങ് സംവിധാനം അടൂർ പ്രകാശ് എംഎൽഎ യും എൻഇഎഫ്ടി, ആർടിജിഎസ് സംവിധാനം സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസും ഉദ്ഘാടനം ചെയ്തു. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി വി വർഗീസ് ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ ആദരിച്ചു. ചടങ്ങിൽ എൻ ഗോപാലകൃഷ്ണൻ നായർ ആദ്യ നിക്ഷേപം നൽകി.
ബാങ്ക് മുൻ പ്രസിഡന്റ് എം എസ് രാജേന്ദ്രൻ,  സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ ജി മുരളീധരൻ,  ജോയിന്റ് രജിട്രാർ ജനറൽ പി ജെ അബ്ദുൾ ഗഫാർ, അസി. രജിസ്ട്രാർ ജി അനിരുദ്ധൻ ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. യോഗത്തിൽ ബാങ്ക് സെക്രട്ടറി പി ടി ജോർജ്കുട്ടി റിപ്പോർട്ടും ജനറൽ കൺവീനർ പി ബി ബിജു സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് ടി എസ് രാജു നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിനുശേഷം കലാപരിപാടികളും നടന്നു.
 
പ്രധാന വാർത്തകൾ
Top