18 August Saturday

സംഗീത സംവിധാനത്തിൽ പുത്തൻ സാന്നിധ്യമായി ലിജോ (എറിക്) ജോൺസൺ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

 പത്തനംതിട്ട

നേരാണേ നോവാണെന്നെ ..... യുവ സംഗീത സംവിധായകൻ ലിജോ ജോൺസൺ വർഷങ്ങളായി തന്റെ നെഞ്ചിൽ നോവായി അവശേഷിച്ച സ്വപ്നം പൂവണിയിച്ചു; തന്റെ സിനിമയിൽ ഗായകൻ വിനീത് ശ്രീനിവാസനെ കൊണ്ട് താൻ ഈണമിട്ട പാട്ട് പാടിപ്പിക്കുക. സന്തോഷ് പ്രഭു സംവിധാനം ചെയ്ത് ഉടൻ പുറത്തിറങ്ങുന്ന ഗ്രാമോദയം എന്ന ചിത്രത്തിനാണ് ദിനു മോഹൻ രചിച്ച് പത്തനംതിട്ട തോണിക്കുഴി സ്വദേശിയായ ലിജോ എറിക് ജോൺസൺ സംഗീത സംവിധാനം ചെയ്ത  ഗാനം വിനീത് ശ്രീനിവാസൻ ആലപിച്ചത്്. ഗാനത്തിന്റെ റെക്കോഡിങ് പൂർത്തിയായി. 
വിനീത് ശ്രീനിവാസൻ തന്നെ തന്റെ പാട്ട് പാടണമെന്ന ആഗ്രഹംകൊണ്ട് ഒരു വർഷത്തിലേറെയാണ് താൻ ഗാനം ചിത്രീകരിക്കുന്നതിന് കാത്തിരുന്നതെന്ന് ലിജോ പറഞ്ഞു. ചങ്ക്സ്, ഓൾഡ് ഈസ് ഗോൾഡ് തുടങ്ങിയ ചിത്രങ്ങൾക്ക് പാട്ടെഴുതി ശ്രദ്ധേയനായ വ്യക്തിയാണ് ഗാനരചന നിർവഹിച്ച ദിനു മോഹൻ. ഗായിക കെ എസ് ചിത്രയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ കൃഷ്ണ ഡിജി ഡിസൈൻ സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ഗായിക എമി ട്രീസയാണ് വിനീതിനൊപ്പം പാടിയിരിക്കുന്നത്.  അഞ്ച് പാട്ടുകൾ ഉള്ള ചിത്രത്തിലെ രണ്ടെണ്ണമാണ് ലിജോ സംഗീതം ചെയ്തത്. 
മലയാളത്തിൽ നിരവധി ആൽബങ്ങളും ക്രിസ്തീയ ഭക്തിഗാനങ്ങളും ആശംസാ ഗാനങ്ങളും  സംഗീതസംവിധാനം ചെയ്തിട്ടുള്ള ലിജോ കന്നഡ സിനിമയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മാർച്ചിൽ റിലീസ് ചെയ്ത് വിജയകരമായി പ്രദർശനം തുടരുന്ന ഇതീഗ ബന്ദസുത്തി (ഇപ്പോൾ കിട്ടിയ വാർത്ത) എന്ന ചിത്രത്തിലെ അതി മനോഹരമായ പശ്ചാത്തല സംഗീതം ഒരുക്കിയത് ലിജോ ആയിരുന്നു. നാല് കുടുംബങ്ങളിലെ അംഗങ്ങൾ അപകടത്തിൽപ്പെടുന്നതും ഒരാൾ മാത്രം ജീവനോടെ രക്ഷപ്പെടുന്നതുമായ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നല്ല അഭിപ്രായം നേടിയെന്ന് ലിജോ പറഞ്ഞു. കന്നഡിക ബൽറാം ആണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം. 
കന്നഡ സിനിമയ്ക്ക് വേണ്ടിയാണ് ലിജോ ജോൺസൺ എന്ന പേര് എറിക് ജോൺസൺ എന്ന് മാറ്റിയത്. സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജന്മദിനത്തിൽ ഇരുവർക്കും ജന്മദിനാശംസകൾ നേർന്ന് ലിജോ സംവിധാനംചെയ്ത് പുറത്തിറക്കിയ ഗാനങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. 2015 ൽ മമ്മൂട്ടിയുടെ ജന്മദിനത്തിന് പുറത്തിറക്കിയ വീഡിയോ ഗാനം  റിമി ടോമി ആയിരുന്നു ആലപിച്ചത്. രണ്ട് ലക്ഷത്തിലധികം ആളുകൾ  വീഡിയോ കണ്ടു. 2016 ൽ അൽവാർഡ് പ്രോപ്പട്ടീസ് മോഹൻലാലിന് ജന്മദിനാശംസ നേർന്ന് പുറത്തിറക്കിയ ആൽബവും ലിജോ ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. വൈക്കം വിജയലക്ഷ്മിയായിരുന്നു ഗാനങ്ങൾ ആലപിച്ചത്. ലെറ്റ്സ് ക്രിസ്മസ്, ക്രേദോ, തുടങ്ങിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങൾക്കും ഓണപ്പാട്ടുകൾക്കും ലിജോ സംഗീതം നിർവഹിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ജെയിൻ യൂണിവേഴ്സിറ്റിയിൽനിന്ന് എംഎസ് ഇൻഫർമേഷൻ ടെക്നോളജി പാസായ ലിജോയ്ക്ക് ചെറുപ്പം മുതൽ കീബോർഡ് വായിക്കുന്നിൽ വലിയ കമ്പമായിരുന്നു. പള്ളികളിലും സ്വകാര്യ പരിപാടികൾക്കും കീബോർഡ് വായിച്ചു. തുടർന്ന് ചെന്നൈയിൽ പ്രശസ്ത സംഗീതജ്ഞൻ മണികണ്ഠന്റെ കീഴിൽ കീബോർഡ് പഠനം പൂർത്തിയാക്കി. അമേരിക്കയിലും നിരവധി പരിപാടികൾക്ക് കീബോർഡ് വായിക്കാൻ അവസരം ലഭിച്ചു. ഈ കാലയളവിലാണ് ആൽബങ്ങൾക്കും സംഗീതം ഒരുക്കിയത്. പത്തനംതിട്ട തോന്ന്യാമല, തോണിക്കുഴി, ഹോരേബ് വീട്ടിൽ മാമ്മൻ ജോൺസൺ, ലിസി ജോൺസൺ എന്നിവരുടെ മൂത്ത മകനാണ്. ഭാര്യ: ഡെൻസി ജോൺ. സഹോദരി ജോ അന്ന
പ്രധാന വാർത്തകൾ
Top