മൊബൈൽ ക്രഷ് പ്രവർത്തനം ആരംഭിച്ചു

പത്തനംതിട്ട
വനിതാശിശുവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ കോന്നി പഞ്ചായത്തിൽ മൊബൈൽ ക്രഷ് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം രജനി അധ്യക്ഷയായി.ചടങ്ങ് അടൂർ പ്രകാശ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമായി രൂപീകരിച്ച വനിതാശിശു വികസനവകുപ്പ് കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് മൊബൈൽ ക്രഷ്. അന്യസംസ്ഥാന തൊഴിലാളികളുൾപ്പെടെയുള്ളവരുടെ മൂന്ന് മുതൽ ആറ് മാസം വരെ പ്രായമുള്ള കുട്ടികളുടെ പരിചരണ സംരക്ഷണ കേന്ദ്രങ്ങളായാണ് മൊബൈൽ ക്രഷുകൾ പ്രവർത്തിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ പ്രവർത്തിക്കുന്ന ക്രഷുകളിലേക്ക് പ്രവർത്തകർ കുട്ടികളെ വാഹനത്തിൽ കൊണ്ട് പോകുകയും സുരക്ഷിതമായി തിരികെ വീട്ടിലെത്തിക്കുകയും ചെയ്യും. രാവിലെ ഏഴ് മുതൽ 12.30 വരെയും, 12.30 മുതൽ വൈകിട്ട് ഏഴ് വരെയും നാല് ഷിഫ്റ്റുകളായി നാല് ക്രഷ് വർക്കർമാരെയാണ് നിയമിച്ചിട്ടുള്ളത്. കുഞ്ഞുങ്ങൾക്ക് ക്രഷിൽ നിന്ന് പോഷകാഹാരവും മറ്റ് ശിശുപരിചരണസൗകര്യങ്ങളും ലഭ്യമാകും. കുട്ടികൾക്കുള്ള പോഷകാഹാരം ക്രഷ് വർക്കർമാരുടെ ഓണറേറിയം പാചകസാമഗ്രികൾ, കുഞ്ഞുങ്ങളുടെ പരിചരണത്തിനാവശ്യമായ സാധനങ്ങൾ എന്നിവയുൾപ്പെടെ 558500 രൂപ ഇക്കൊല്ലത്തെ നടത്തിപ്പിനായി സർക്കാർ അനുവദിച്ചിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ഓരോ മൊബൈൽ ക്രഷാണ് അനുവദിച്ചിട്ടുള്ളത്. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പികെ, കോന്നി പഞ്ചായത്ത് വൈസ‌് പ്രസിഡന്റ‌് പ്രവീൺ പ്ലാവിളയിൽ, ലീഗൽ സർവീസ് അതോറിറ്റി സബ്ജഡ്ജ് ആർ ജയകൃഷ്ണൻ, സിനിമാ സീരിയൽ താരം നിഷ സാരംഗ്, കോന്നി സർക്കിൾ ഇൻസ്പെക്ടർ എസ്ആഷാദ്, വനിതാശിശുവികസനവകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസർ എസ്ചിത്രലേഖ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.









0 comments