സേഫ്സോൺ പദ്ധതി ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട
ശബരിമല മണ്ഡലവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലും അനുബന്ധ പ്രദേശങ്ങളിലും തീർഥാടകരുടെ സുരക്ഷിതയാത്ര ലക്ഷ്യം വച്ച് കേരള മോട്ടോർ വാഹനവകുപ്പും കേരള റോഡ് സുരക്ഷ അതോറിറ്റിയും ചേർന്ന് നടപ്പിലാക്കുന്ന സേഫ്സോൺ 2018-–-19 പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ‌്ച പകൽ മൂന്നിന് ഇലവുങ്കലിലുള്ള സേഫ്സോൺ കൺട്രോളിങ‌് ഓഫീസിൽ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. രാജു എബ്രഹാം എംഎൽഎ അധ്യക്ഷനാകും.
സേഫ്സോൺ പദ്ധതി പ്രകാരം വെള്ളിയാഴ‌്ച മുതൽ 2019 ജനുവരി 20 വരെ കാലയളവിൽ സേഫ്സോൺ മേഖലയായ ശബരിമല പാതകളിൽ 24 മണിക്കൂറും പട്രോളിങ‌് നടത്തി അപകടരഹിതമായ ഒരു തീർഥാടന കാലം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. ഇതിലേക്കായി പത്തനംതിട്ട- –- പമ്പ, പമ്പ- –- എരുമേലി, കൊരട്ടി- –-26-ാം മൈൽ, എരുമേലി- –-പുലിക്കുന്ന് –-മുണ്ടക്കയം, എരുമേലി- –- വിഴിക്കിതോട്, കോട്ടയം –- -കുമളി, സത്രം- –- വണ്ടിപെരിയാർ, കട്ടപ്പന- –- കമ്പമേട്ട്, കട്ടപ്പന-
–- കുട്ടിക്കാനം, കട്ടപ്പന- –- കുമളി എന്നിവിടങ്ങളിലായി 15 പട്രോളിങ‌് ടീമുകളെ വിന്യസിക്കും. ഇലവുങ്കലിൽ മെയിൻ കൺട്രോളിങ‌് ഓഫീസും എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ സബ് കൺട്രോളിങ‌് ഓഫീസുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 400 കിലോമീറ്ററോളം വരുന്ന സേഫ്സോൺ പാതകളിൽ ഹെൽപ്പ‌് ലൈൻ നമ്പറോട് കൂടിയ 350 ഓളം ദിശാസൂചക ബോർഡുകളും ട്രാഫിക് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ബ്രേക്ക് ഡൗൺ അസിസ്റ്റൻസ്, റിക്കവറി വാഹനങ്ങളുടെ സേവനം, ആംബുലൻസ് സർവീസ് എന്നിവ 24 മണിക്കൂറും ലഭ്യമാണ്. കൂടാതെ പ്രമുഖ വാഹന നിർമാതാക്കളായ ലൈലാന്റ്, ടാറ്റാ, മാരുതി, ഫോഴ്സ്, ഫോർഡ്, ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ 25 ഓളം മോട്ടോർ വാഹന കമ്പനികളുടെ ഇരുന്നൂറോളം മെക്കാനിക്കുകളെ മതിയായ ബ്രേക്ക് ഡൗൺ വാഹനങ്ങളോടു കൂടി സേവനത്തിനായി ക്രമീകരിച്ചിട്ടുണ്ട്. ഓഫീസിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുള്ള രണ്ട് ആംബുലൻസുകൾ ഉപയോഗിച്ച് അപകട സമയങ്ങളിൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി അപകടങ്ങളിൽപ്പെടുന്നവരെ രക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പട്രോളിങ‌് വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിച്ച് പട്രോളിങ‌് സംവിധാനം കാര്യക്ഷമമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സേവനങ്ങൾക്കായി ബന്ധപ്പെടേണ്ട ഹെൽപ്പ‌്‌ലൈൻ നമ്പറുകൾ ഇലവുങ്കൽ 9400044991, 9562318181, എരുമേലി -9496367974, കുട്ടിക്കാനം- 9446037100.









0 comments