20 April Friday

വാഹന പരിശോധന: ഡിവൈഎഫ്ഐ നേതാവിനെ എസ്ഐ മർദ്ദിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

 പത്തനംതിട്ട > വാഹന പരിശോധനയ്ക്കിടെ ബൈക്ക് തടഞ്ഞു നിർത്തി ഡിവൈഎഫ്ഐ നേതാവിനെ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മർദ്ദിച്ചു. ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റിയംഗം എസ് അഖിലിനെയാണ് പത്തനംതിട്ട സ്റ്റേഷനിലെ എസ് ഐ കെ ദീപക് മർദ്ദിച്ചത്.

ശനിയാഴ്ച പകൽ 11ഓടെ വള്ളിക്കോട് താഴൂർകടവിലാണ് സംഭവം. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി കൂടിയായ അഖിൽ മെയിൽ നടക്കുന്ന സിഐടിയു ജനറൽ കൗൺസിലിന്റെ ആവശ്യത്തിനായി വള്ളിക്കോട്ടേക്ക് പോകുമ്പോൾ ഇവിടെ വാഹന പരിശോധന നടത്തിയ പൊലീസ് സംഘം തടഞ്ഞു നിർത്തി. അഖിൽ ഹെൽമെറ്റ് ധരിച്ചിട്ടില്ലാത്തതിനാൽ പെറ്റി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കൈയിൽ പണമില്ലാത്തതിനാൽ കോടതിയിൽ അടച്ചോളാമെന്ന് അഖിൽ പറഞ്ഞു. ഇതൊന്നും കേൾക്കാതെ എസ്ഐ ദീപക് അഖിലിനെ പൊലീസ് ജീപ്പിലേക്ക് കയറ്റിയിട്ട് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ജീപ്പിൽവച്ച് താൻ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗമാണെന്ന് പറഞ്ഞപ്പോൾ നീ എവിടത്തെ നേതാവാണെങ്കിലും എനിക്കൊന്നുമില്ലെന്ന് പറഞ്ഞ് കേട്ടാലറയ്ക്കുന്ന തെറിവിളിച്ചു. ജീപ്പിന്റെ ഡ്രൈവർ രാജേഷും അസഭ്യം വിളിച്ചതായി അഖിൽ പറഞ്ഞു.
പൊലീസ് സ്റ്റേഷിനിൽ കൊണ്ടുവന്ന ശേഷം അഖിലിന്റെ ഫോൺ പിടിച്ചുവാങ്ങി. എസ്ഐ ദീപക് അഖിലിന്റെ അപകടത്തിൽപ്പെട്ട് ഒടിഞ്ഞ കൈ പിടിച്ചുതിരിച്ചു. ഒപ്പം കൂടിയ പൊലീസുകാരെല്ലാം അഖിലിനെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരെയും വിവരമറിയിക്കാനും പൊലീസ് സമ്മതിച്ചില്ല. കണ്ണട തല്ലിപ്പൊട്ടിച്ചു. വിവരമറിഞ്ഞെത്തിയ ഡിവൈഎഫ്ഐ നേതാക്കളോടും പൊലീസുകാർ തട്ടിക്കയറി. അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തി അഖിലിനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. അപകടകരമായി വാഹനം ഓടിച്ച കുറ്റത്തിന് കേസെടുത്തതിന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത് പ്രതിഷേധത്തിനിടയാക്കി.
എസ്ഐക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് അഖിൽ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top