18 October Thursday
ഡെവലപ്പ്മെന്റ് സെസൈറ്റി നേതാവിന്റെ ഗുണ്ടായിസം

ചെങ്ങറയിൽ വീട്ടിൽനിന്ന് ഇറക്കിവിട്ട കുടംബം കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018

സതീഷും കുടുംബ‌വും കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹം നടത്തുന്നു

 പത്തനംതിട്ട > ചെങ്ങറ കൈയേറ്റ ഭൂമിയിലെ താമസക്കാരനെയും കുടുംബത്തെയും ചെങ്ങറ ഡെവലെപ്പ്മെന്റ് സെസൈറ്റി നേതാവ് ഇറക്കി വിട്ടതിനെ തുടർന്ന് കുടുംബം കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹം ആരംഭിച്ചു. ചെങ്ങറ പാക്കേജിൽ ഉൾപ്പെട്ട എലിമുള്ളുംപ്ലായ്ക്കൽ സതീഷാണ് പെൺകുട്ടികളടക്കും പിഞ്ചുകുഞ്ഞുങ്ങളുമായി ബുധനാഴ്ച മുതൽ കലക്ടറേറ്റിന് മുന്നിൽ സത്യഗ്രം തുടങ്ങിയത്.

ചെങ്ങറ ഡെവലെപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ടി ആർ ശശിയാണ് സതീഷിനെയും കുടുംബത്തെയും വീട്ടിൽനിന്ന് ബലമായി പിടിച്ചിറക്കിവിട്ടത്. സാധനങ്ങളും നശിപ്പിച്ചു. വീട്ടിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് കുറച്ച് നാളുകളായി ശശി, സതീഷിനോട് പറയുന്നുണ്ടായിരുന്നു. ഇപ്പോൾ താമസിക്കുന്നിടത്തുനിന്ന് മാറി മറ്റെവിടെങ്കിലും വീട് വെച്ച് താമസിക്കണമെന്നാണ് ആവശ്യം. ശശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലയാലപ്പുഴ എസ്ഐ ടി ഡി പ്രജീഷും സതീഷിനോട് വീട് ഒഴിഞ്ഞു കൊടുക്കണമെന്ന് പറഞ്ഞിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ശശിയുടെ നേതൃത്വത്തിൽ ഗുണ്ടാസംഘമെത്തി സതീഷിനെയും കുടുംബത്തെയും ബലമായി പടിച്ചിറക്കിവിട്ടത്.
ഗുണ്ടാസംഘം വീട്ടുപകരണങ്ങളും കുട്ടികളുടെ പാഠപുസ്തകവും നശിപ്പിച്ചു. മറ്റുള്ളവർ ഓടിക്കൂടിയതിനാലാണ് മർദ്ദനമേക്കാതെ രക്ഷപ്പെട്ടതെന്ന് സതീഷ് പറഞ്ഞു. ബുധനാഴ്ച രാവിലെയോടെ ഭാര്യ സുബിത, മക്കളായ ആറാം ക്ലാസ് വിദ്യാർഥി അജ്മൽ, നാലാം ക്ലാസ് വിദ്യാർഥി തസ്നി, ഒന്നാം ക്ലാസ് വിദ്യാർഥി സാനിയ എന്നിവരോടൊപ്പം കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹം ആരംഭിച്ചത്. 
ശശിയുടെ നേതൃത്വത്തിൽ ചെങ്ങറയിൽ ഗുണ്ടാവിളയാട്ടവും പണപ്പിരിവുമാണെന്ന് സതീഷ് പറഞ്ഞു. മാസംതോറും 600 രൂപ വീതം പിരിവ് വാങ്ങും. കൃഷിയുൽപ്പന്നങ്ങളും മറ്റും എടുത്തു  കൊണ്ടുപോകുന്നതും നിത്യസംഭവമാണ്. ശശിയുടെ ഗുണ്ടാ വിളയാട്ടത്തിനും പണപ്പിരിവിനുമെനെതിരെ നടപടിയെടുക്കണമെന്നും തങ്ങളെ ചെങ്ങറയിൽ പുനരധിവസിപ്പിക്കണമെന്നും സതീഷും കുടുംബവും ആവശ്യപ്പെട്ടു.   
പ്രധാന വാർത്തകൾ
Top