Top
20
Wednesday, September 2017
About UsE-Paper

പെരുന്തേനരുവി ടൂറിസം പദ്ധതി രണ്ടാംഘട്ടം പുരോഗമിക്കുന്നു

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
പെരുന്തേനരുവി

 റാന്നി > പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മ്മാണം പുരോഗമിക്കുന്നു. വെള്ളച്ചാട്ടത്തിന്റെ  മനോഹാരിത മാത്രമല്ല  പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാമും പദ്ധതി പ്രദേശവും കേന്ദ്രീകരിച്ചുള്ള ഹൈഡല്‍ ടൂറിസത്തിനുള്ള സാധ്യതകളും ഏറുകയാണ്. വെളളച്ചാട്ടവും ഡാമും വൈദ്യുതോല്‍പ്പാദനത്തിന്റെ പദ്ധതി പ്രദേശവും കാണാന്‍ ഇപ്പോള്‍ തന്നെ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.  ഭാവിയില്‍ പത്തനംതിട്ട ജില്ലയിലെതന്നെ ഏറ്റവും തിരക്കേറിയ ടൂറിസം കേന്ദ്രങ്ങളിലൊന്നായി പെരുന്തേനരുവി മാറും എന്നതില്‍ സംശയമേ വേണ്ട.  

 വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ പമ്പാനദിയിലെ പ്രകൃതിദത്ത വെള്ളച്ചാട്ടമാണ് പെരുന്തേനരുവിയിലേത്. പാറക്കെട്ടുകള്‍ക്കിടയിലൂടെ തല്ലിയലച്ച് ശുഭ്രവര്‍ണ്ണത്തിലെത്തുന്ന വെള്ളം പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്ക് വീഴുന്ന വന്യമായ കാഴ്ചയും വെള്ളം ശക്തമായി വീഴുമ്പോഴുള്ള ഭീകരമായ ശബ്ദവും ഏവരെയും ആകര്‍ഷിക്കുന്നതാണ്. പതഞ്ഞെഴുകുന്ന വെള്ളം താഴേക്ക് പതിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ മഴവില്ലഴക് ഏറെ ഹൃദ്യമാണ്. വര്‍ഷങ്ങളായി വെള്ളമൊഴുകി പ്രതലങ്ങളിലെ പരുക്കന്‍ ഭാവം മാറി മാര്‍ബിളിന്റെ മിനുസത്തോടെ അരികുകളില്ലാതെ നില്‍ക്കുന്ന പാറക്കെട്ടുകളും ഇവയില്‍ അവിടവിടങ്ങളിലായി രൂപപ്പെട്ട വൃത്താകൃതിയിലുള്ള ഉരക്കുഴികളും മറ്റ് ആകര്‍ഷണങ്ങളാണ്. 
 
അരുവിയുടെ നാറാണംമൂഴി ഭാഗത്തെ വനമേഖലയും താഴേക്കു നോക്കുമ്പോള്‍ ഇടയ്ക്ക് ഒരു തുരുത്ത് രൂപപ്പെടുത്തി രണ്ടായി ഒഴുകുന്ന പമ്പാനദിയും എല്ലാമാണ് പ്രകൃതിദത്തമായ ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ഇവ കൂടാതെയാണ് ചെറുകിട ജലവൈദ്യുത പദ്ധതി നിര്‍മ്മിച്ചതിലൂടെയുള്ള ഡാമും അതിനു മുകളിലൂടെയുള്ള കൊച്ചു പാലവും നാറാണംമൂഴി കരയിലെ പവര്‍ ഹൌസും പവര്‍ ഹൌസിലേക്കുള്ള കനാലും വൈദ്യുതോല്‍പ്പാദനത്തിനു ശേഷം പവര്‍ഹൌസില്‍ നിന്നും താഴേക്കുള്ള വെള്ളത്തിന്റെ കുത്തിപ്പാച്ചിലും എല്ലാം പുതിയ കാഴ്ചകളായത്. 
പെരുന്തേനരുവി കേന്ദ്രമാക്കിയുള്ള ആദ്യ ഘട്ട ടൂറിസം പദ്ധതിക്കായി 1.73 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്.വെച്ചൂച്ചിറ പഞ്ചായത്തില്‍ നിന്നം അരുവിയിലേക്കുള്ള റോഡ്, പാര്‍ക്കിങ് യാര്‍ഡ്, 4 കോട്ടേജുകള്‍, ഫെസിലിറ്റേഷന്‍ സെന്റര്‍, ടോയിലറ്റ് ബ്ളോക്ക്, ഭക്ഷണശാല, അരുവിലേക്കിറങ്ങാന്‍ നടപ്പാത, കുട്ടുകളുടെ പാര്‍ക്ക് എന്നിവയുടെ നിര്‍മ്മാണങ്ങളാണ് പൂര്‍ത്തിയായത്. രണ്ടാംഘട്ട നിര്‍മ്മാണത്തിനാണ് 3.17 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നത്. വിശാലമായ റെസ്റ്റോറന്റ്, ഓഡിറ്റോറിയം, കുട്ടികളുടെ കളിസ്ഥലം, ഡോര്‍മെറ്ററി, ഫിനിഷിങ് പണികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
ഇതു കൂടാതെയാണ് വൈദ്യുത പദ്ധതി കേന്ദ്രീകരിച്ച് ഹൈഡല്‍ പദ്ധതികള്‍ക്ക് കെഎസ്ഇബി ഒരുങ്ങുന്നത്. മൂന്നാര്‍, മാട്ടുപ്പെട്ടി, കുണ്ടള ഡാമുകള്‍ കേന്ദ്രീകരിച്ച് വിജയകരമായി നടപ്പാക്കിയ ഹൈഡല്‍ ടൂറിസം പദ്ധതിയാണ് ഇവിടെയും പരീക്ഷിക്കുക. അണക്കെട്ടില്‍ ബോട്ട് സര്‍വീസ്, വെള്ളച്ചാട്ടത്തിന്റെ ഭാഗത്തു നിന്നും ഡാമിലേക്ക് നദിക്കരയിലൂടെ നടപ്പാത എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തും.