13 November Tuesday
പെരുന്തേനരുവി 33 കെ വി സബ്സ്റ്റേഷൻ നാടിന്‌ സമർപ്പിച്ചു

പുതിയ ഊർജനിർമാണ സങ്കേതങ്ങൾ കണ്ടെത്തൽ ലക്ഷ്യം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018

 റാന്നി

സാധ്യതയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികൾ മുഴുവൻ നിർമിച്ചാലും സംസ്ഥാനത്ത് 300 മെഗാവാട്ടിൽ കൂടുതൽ വൈദ്യുതി ലഭിക്കില്ലെന്ന് മന്ത്രി എം എം മണി പറഞ്ഞു. പെരുന്തേനരുവി 33 കെ വി സബ്സ്റ്റേഷൻ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് വൈദ്യുതി ബോർഡ് പുതിയ ഊർജോൽപാദന മാർഗങ്ങൾ തേടുന്നത്. ഊർജ മിഷന്റെ പ്രധാന ദൗത്യം പുതിയ ഊർജനിർമാണ സങ്കേതങ്ങൾ കണ്ടെത്തുകയാണ്. വൻകിട ജലവൈദ്യുത പദ്ധതികൾ സംസ്ഥാനത്തിന്റെ സാഹചര്യത്തിൽ നടപ്പാക്കാൻ ബുദ്ധിമുട്ടുകളുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികളാണ് ഇപ്പോൾ ഫലപ്രദമായി പൂർത്തീകരിച്ചുവരുന്നത്. ഇത്തരം പദ്ധതികളിൽ നിന്ന് വളരെ കുറച്ച് വൈദ്യുതി മാത്രമേ ലഭിക്കൂ. ജലവൈദ്യുത പദ്ധതി ഒഴികെയുള്ള വൈദ്യുതോൽപ്പാദന പദ്ധതികൾക്ക് ചെലവ് ഏറെയാണ്. സ്വകാര്യ കെട്ടിടങ്ങളിൽ അനർട്ടിന്റെ സഹായത്തോടെ സോളാർ പാനൽ സ്ഥാപിച്ച് 1,000 മെഗാവാട്ട് സൗരോർജ വൈദ്യുതിയെങ്കിലും സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 
രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, കെഎസ്ഇബി ഡയറക്ടർ ഡി കുമാരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മോഹൻരാജ് ജേക്കബ്, റോസമ്മ സ്കറിയ, ബ്ലോക്ക് പഞ്ചായത്തംഗം മീനു ഏബ്രഹാം, സിപിഐ എം ഏരിയ സെക്രടറി പി ആർ പ്രസാദ്, എക്സിക്യൂട്ടീവ് എൻജിനീയർ കെ സുരേഷ്, സമദ് മേപ്രത്ത്, അഡ്വ.  ഷൈൻ ജി കുറുപ്പ്, രാജേഷ് ആനമാടം, ആലിച്ചൻ ആറൊന്നിൽ, പി കുമാരൻ, സിജി ജോസ്, കെ സുരേഷ് എന്നിവർ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
Top