15 October Monday

അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 പത്തനംതിട്ട

കനത്ത മഴയെതുടർന്ന് ശബരിഗിരി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഡാമുകൾ തുറന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ കലക്ടർ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിലാണിത്. 
ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തുകയും പമ്പ ഡാമിന്റെ ഷട്ടർ തുറക്കുന്നതിനുള്ള റെഡ് അലർട്ട് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കി.  
പമ്പാ നദി കടന്നുപോകുന്ന നാല് താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസുകളുടെ പരിധികളിലും അനൗൺസ്മെന്റ് നടത്തുന്നതിനും വില്ലേജ് ഓഫീസുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കാനും   തീരുമാനമായി. വില്ലേജ് ഓഫീസർമാർ അടിയന്തര സാഹചര്യമുണ്ടായാൽ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തയാറാക്കി. 
കർക്കിടക വാവ് പ്രമാണിച്ച് ബലിതർപ്പണത്തിന് ധാരാളം ആളുകൾ സ്നാനഘട്ടങ്ങളിൽ എത്താൻ സാധ്യതയുള്ളതിനാൽ ജനങ്ങളും  ബന്ധപ്പെട്ടവരും അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഡാമുകൾ തുറന്നിരിക്കുന്ന സാഹചര്യത്തിൽ ഏറെ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ നദിയിൽ ഇറങ്ങുന്നതിന് പൂർണമായും ഒഴിവാക്കുന്നതായിരിക്കും സുരക്ഷിതമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇപ്പോൾ തുറന്നിട്ടുള്ള ഡാമുകളിലെ ജലം കുറഞ്ഞത് 10 മണിക്കൂറെങ്കിലും എടുത്തായിരിക്കും താഴ്ന്ന പ്രദേശങ്ങളിലെത്തുക. ഇതു മൂലം അടുത്ത ദിവസങ്ങളിൽ നദികളിലെ ജലനിരപ്പ് ഏറെ ഉയരാൻ സാധ്യതയുള്ളതിനാൽ ബന്ധപ്പെട്ട വകുപ്പുകളും ബലിതർപ്പണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുകയും ജനങ്ങൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ നൽകുകയും ചെയ്യണം.
 
ആറന്മുള വള്ളസദ്യക്കെത്തുന്ന പള്ളിയോടങ്ങൾ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ജലത്തിന്റെ അളവ് കുറയുന്നതുവരെ പമ്പാനദിയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അതോറിറ്റി അഭ്യർഥിച്ചു.  ആനത്തോട്, പമ്പ ഡാമുകൾ തുറക്കുന്നതിലൂടെ ജലനിരപ്പ് മൂന്ന് മീറ്ററിലധികം ഉയരാൻ സാധ്യതയുള്ളതായാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ വിലയിരുത്തൽ. ഈ മുന്നറിയിപ്പ് ഉൾക്കൊണ്ട് ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. 
ജലത്തിന്റെ കുത്തൊഴുക്ക് ഉള്ള സാഹചര്യത്തിൽ പാലങ്ങളുടെ മുകളിൽ നിൽക്കുകയോ ഇവിടെ നിന്ന് സെൽഫി എടുക്കുന്നതിന് ശ്രമിക്കുകയോ ചെയ്യരുതെന്നും രാത്രി യാത്രകൾ സുരക്ഷിതത്വം മുൻനിർത്തി ഒഴിവാക്കണമെന്നും മരങ്ങൾ ഒടിഞ്ഞുവീഴുന്നതുമൂലവും ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴുന്നതുമൂലവും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടിയന്തരമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അഭ്യർഥിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top