19 November Monday

പ്രളയം: മത്സ്യ കർഷകന‌് കോടികളുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 റാന്നി

അപ്രതീക്ഷിത ജലപ്രളയത്തിൽ റാന്നിയിലെ ശുദ്ധജല മത്സ്യ കർഷകന് കോടികളുടെ നഷ്ടം. പൂല്ലൂപ്രം പുറത്തേപറമ്പിൽ ജോസ് പി ഏബ്രഹാമിനാണ് 1.37 കോടി രൂപയുടെ നഷ്ടം ഉണ്ടായത്. വീടിനോട് ചേർന്ന് ശാസ്ത്രീയ മത്സ്യകൃഷിയും പച്ചക്കറി കൃഷിയും ചെയ്തിരുന്നു ഇദ്ദേഹം. ഇവിടെ 26 സെന്റ് സ്ഥലത്ത് റീസൈക്കിൾ അക്വാ കൾച്ചറൽ സിസ്റ്റം, അക്വാ പോണിക്സ്  കൃഷി മാർഗ്ഗമായിരുന്നു അവലംബിച്ചിരുന്നത്. കുളത്തിലും കോൺക്രീറ്റ് ടാങ്കുകളിലുമായി 2.5 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയായിരുന്നു നിക്ഷേപിച്ചിരുന്നത്. വരാൽ, റെഡ് പില്ലാപ്പിയ, ഗിഫ്റ്റ് പില്ലാപ്പിയ, കാർപ്പ് കരിമീൻ, ആവോലി മച്ചാൻ തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയായിരുന്നു നിക്ഷേപിച്ചിരുന്നത്.  ഇവയ്ക്ക് 10 മാസം വളർച്ചയെത്തിയിരുന്നു. ഓണം സീസണിൽ വിളവെടുപ്പ് നടത്താം എന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് പ്രളയം എല്ലാം തകർത്തത്. വെള്ളപ്പൊക്കത്തിൽ ജോസിന്റെ വീടിന്റെ താഴത്തെ നില പൂർണമായും മുങ്ങി. ഒഴുകിയെത്തിയ തടി ഇടിച്ച് മീൻവളർത്തൽ ടാങ്കിന്റെ ഭിത്തികൾ തകർന്നു. ടാങ്കിലും കുളത്തിലുമുണ്ടായിരുന്ന മീനുകളെല്ലാം ഒഴുകിപ്പോയി. പച്ചക്കറി കൃഷി നടത്തിവന്നിരുന്ന പോളിഹൗസും തകർന്നു. ഇവയ്ക്കു മുകളിൽ സൂര്യ പ്രകാശം കടക്കാത്ത രീതിയിൽ ചെളിവന്ന് മൂടി. വെള്ളം കയറി കൃഷിയെല്ലാം ചീഞ്ഞുപോയി. പോളി ഹൗസ് അറ്റകുറ്റപ്പണി ചെയ്യുന്നതിലും ലാഭം പുതിയത് നിർമിക്കുന്നതാണ്. 
    ജോസിന്റെ എൻജിനീയറായ മകൻ ഏബ്രഹാമായിരുന്നു ശാസ്ത്രീയ കൃഷി യുടെ സൂത്രധാരൻ. ഇതിന് ഫിഷറീസിന്റേയും ഹോൾട്ടികൾച്ചറൽ സൊസൈറ്റിയുടേയും പൂർണ പിന്തുണയും ഉണ്ടായിരുന്നു. കൃഷി ആവശ്യത്തിനായി 90 ലക്ഷത്തോളം രൂപയാണ് ബാങ്ക‌് വായ്പ എടുത്തിരുന്നത്. ഇൻഷുറൻസ് എടുക്കുന്നതിന് കമ്പനികളെ സമീപിച്ചെങ്കിലും അവരാരും അതിന് തയ്യാറാകാഞ്ഞത് ജോസിന് കൂടുതൽ വിനയായി. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top