20 November Tuesday

കാരുണ്യയാത്രയൊരുക്കി പ്രൈവറ്റ് ബസ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

 പത്തനംതിട്ട

ബസിൽ കയറിയ യാത്രക്കാർക്ക് മുന്നിലേക്ക് ടിക്കറ്റിന് പകരം നീട്ടിയ ബക്കറ്റിലേക്ക് വീണത് കാരുണ്യത്തിന്റെ നോട്ടുകൾ. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായാണ് ജില്ലയിലങ്ങോളമിങ്ങോളം പ്രൈവറ്റ് ബസുകൾ സർവീസ് നടത്തിയത്. ടിക്കറ്റെടുക്കാതെ യാത്രക്കാരും, കൊടുക്കാതെ കണ്ടക്ടർമാരും രചിച്ചത് പുതുചരിത്രം. ബാക്കി പൈസക്കും ചില്ലറയ്ക്കും വേണ്ടിയുള്ള ബഹളങ്ങളും വഴക്കുകളുമില്ലാതെ ഒരേ മനസോടെ യാത്ര ചെയ്തത് പുതിയ അനുഭവമാണെന്ന് ബസ് ജീവനക്കാർ പറയുന്നു. ലാഭമോ നഷ്ടമോ അല്ല ദുരിതബാധിതർക്ക് ഒരു ചെറിയ സഹായം നമുക്ക് ചെയ്യാൻ കഴിയുന്നതാണ് വലിയ കാര്യമെന്നും അവർ പറയുന്നു. 
ജില്ല ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അവസാനിച്ചിട്ടില്ല. പലയിടങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഈ അവസരത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാരുണ്യയാത്ര എന്ന പേരിൽ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്ത് പ്രൈവറ്റ് ബസ് അസോസിയേഷൻ ചരിത്രത്തിന്റെ ഭാഗമാകുന്നത്. യാത്രക്കാർ ഇഷ്ടമുള്ള തുകയാണ് ബസ് ജീവനക്കാർ നീട്ടിയ ബക്കറ്റിൽ നിക്ഷേപിച്ചത്. വിദ്യാർത്ഥികളും കൺസഷന് വേണ്ടി വാശി പിടിക്കാതെ തങ്ങളാൽ കഴിയുന്ന തുക തന്ന് സഹകരിച്ചുവെന്ന് ബസ് ജീവനക്കാർ പറയുന്നു. മാത്രമല്ല, സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അത് ഒഴിവാക്കിയും ബസുകളിൽ യാത്ര ചെയ്ത് കാരുണ്യ യാത്രയിൽ പങ്കാളികളായെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സെൻട്രൽ കമ്മറ്റി അംഗവും പാഴുർ ബസ് ഉടമയുമായ ലാലു മാത്യു പറഞ്ഞു. മാത്രമല്ല, നാട്ടുകാരുടെ ഭാഗത്ത് നിന്നും നല്ല സഹകരണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top