19 October Friday

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പരാതി വാങ്ങാതെ സിഐ അധിക്ഷേപിച്ചെന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

 അടൂര്‍ > പീഡിപ്പിക്കുകയും സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പരാതിയുമായെത്തിയ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും അടൂര്‍ സിഐ അധിക്ഷേപിക്കുകയും പരാതി വാങ്ങാതെ തിരിച്ചയക്കുകയും ചെയ്തു. പഴകുളം സ്വദേശി പ്ളസ്ടു വിദ്യാര്‍ഥിയായ പതിനാറുകാരിയെയാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പീഡനം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്തത്.

ഈ സംഭവത്തില്‍ പരാതിയുമായി അടൂര്‍ സിഐയുടെ മുന്നിലെത്തിയ പെണ്‍കുട്ടിയെയും മാതാപിതാക്കളെയുമാണ് അധിക്ഷേപിച്ച് പറഞ്ഞയച്ചതായി പരാതി ഉയര്‍ന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പഴകുളം സ്വദേശിയുടെ മകനെതിരെയായിരുന്നു പരാതി. 29നാണ് ഇവര്‍ പരാതിയുമായി സിഐയുടെ മുന്നിലെത്തിയത്. പരാതി വായിച്ച സിഐ പെണ്‍കുട്ടിയെയും മാതാപിതാക്കളെയും അധിക്ഷേപിക്കുകയും പരാതി വാങ്ങാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പന്തളത്ത് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ സ്നേഹിതയില്‍ എത്തി പരാതിപ്പെട്ടു. സ്നേഹിത പ്രവര്‍ത്തകര്‍ ഇടപെട്ട് മജിസ്ട്രേറ്റിന് മുന്നില്‍ കൊണ്ടുവന്ന പെണ്‍കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ ശേഷം ചൊവ്വാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനിടെ പെണ്‍കുട്ടിയെ മെഡിക്കല്‍ ചെക്കപ്പിന് പൊലീസ് വിധേയമാക്കിയിരുന്നു. മെഡിക്കല്‍ ചെക്കപ്പില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. എന്നിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടാന്‍ തയ്യാറായില്ല. പ്രതിയെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു. 30ന് വീണ്ടും നീതിതേടി സിഐക്ക് മുന്നിലെത്തിയ മാതാപിതാക്കളെ അവധിയിലാണെന്ന് പറഞ്ഞ് മടക്കി അയച്ചതായും മാതാപിതാക്കള്‍ പറഞ്ഞു. പീഡനത്തിന് വിധേയയായ പെണ്‍കുട്ടിയെ ആറന്മുളയിലെ മഹിള മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മകളെ പീഡിപ്പിച്ച സംഭവത്തില്‍ കേസ് എടുക്കാതിരിക്കുകയും പരാതി സ്വീകരിക്കാതിരിക്കുകയും ചെയ്ത സിഐയുടെ നടപടിയില്‍ പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top