22 September Saturday

പ്രളയബാധിതർക്കുള്ള അരി സബ്‌സിഡി നിരക്കിൽ നൽകണം: റേഷൻ ഡീലേഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
പത്തനംതിട്ട
 പ്രളയബാധിതർക്കു വിതരണം ചെയ്യാൻ കേന്ദ്രം അധിക വിഹിതമായി നൽകുന്ന മണ്ണെണ്ണക്കും അരിക്കും കൂടിയ വില ഈടാക്കാതെ സബ്‌സിഡി നിരക്കിൽ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓൾ ഇന്ത്യാ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ ആവശ്യപ്പെട്ടു. ഒരു കിലോ അരിക്ക് 25 രൂപയും ഒരു ലിറ്റർ മണ്ണെണ്ണക്ക്  42 രൂപയും നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. അരി 3 രൂപയ്ക്കും ഗോതമ്പ് രണ്ടു രൂപയ്ക്കും മണ്ണെണ്ണ ലിറ്ററിന് 29 രൂപയ്ക്കും നൽകണമെന്നാണ് ആവശ്യം.
പ്രളയകാലത്ത് കേരളത്തിനു നൽകിയ അധിക അരിയുടെ വില കേന്ദ്ര ദുരിതാശ്വാസ നിധിയിൽ നിന്നും ഈടാക്കുമെന്ന കേന്ദ്ര പ്രസ്താവന പ്രതിഷേധാർഹമാണ്. റേഷൻ കടയിൽ സ്റ്റോക്കുണ്ടെങ്കിൽ കാർഡുടമക്ക് ഇഷ്ടമുള്ള അരി വാങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയ കോംബോ സംവിധാനവും, സംസ്ഥാനത്തെ ഏതു കടയിൽ നിന്നും റേഷൻ സാധനങ്ങൾ വാങ്ങാവുന്ന പോർട്ടബിലിറ്റി സംവിധാനവും തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ഞനിറത്തിലുള്ള അന്ത്യോദയ കാർഡിന് തുടർച്ചയായി പഞ്ചസാര വിതരണം ചെയ്യുന്നതുപോലെ മുൻഗണനാ കാർഡുകൾക്കു കൂടി പഞ്ചസാര നൽകാൻ നടപടി സ്വീകരിക്കണം. റേഷൻ വ്യാപാരികളുടെ വേതനം സംബന്ധിച്ച്സബ് കമ്മിറ്റി അംഗീകരിച്ച് മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി സമർപ്പിച്ച വേതന പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1000 ൽ അധികം റേഷൻ കടകളിൽ വെള്ളം കയറി. 1990 മെട്രിക് ടൺ അരിയും 292 മെട്രിക് ടൺ ഗോതമ്പും 59 ടൺ പഞ്ചസാരയും  61 ടൺ ആട്ടയും നശിച്ചു. ഉപയോഗശൂന്യമായ സാധനങ്ങൾക്കു  പകരം ഭക്ഷ്യധാന്യങ്ങൾ നൽകാത്തതിനാൽ പ്രളയബാധിത മേഖലകളിൽ റേഷൻ വിതരണം പ്രതിസന്ധിയിലാണ്. പത്തനംതിട്ട ജില്ലയിൽ 149 കടകളിൽ വെള്ളം കയറി. ആലപ്പുഴയിൽ 281 ലും, എറണാകുളത്ത് 181 റേഷൻ കടയിലും വെള്ളം കയറി ഭക്ഷ്യധാന്യങ്ങൾ നശിച്ചിട്ടുണ്ട്.
 
 
പ്രധാന വാർത്തകൾ
Top