Top
23
Tuesday, January 2018
About UsE-Paper

ജയറാമിന്റെ പഞ്ചാരി മേളപ്പെരുക്കത്തില്‍ പന്തളം മഹാദേവര്‍ക്ഷേത്രത്തില്‍ പൂരക്കാഴ്ച

Tuesday Jan 2, 2018
വെബ് ഡെസ്‌ക്‌
പന്തളം മഹാദേവക്ഷേത്രത്തില്‍ നടന്‍ ജയറാമിന്റെ നേതൃത്വത്തില്‍110 കലാകാരന്‍മാര്‍ അണിനിരന്ന പഞ്ചാരി മേളവും പൂരക്കാഴ്ചയും

 പന്തളം > നടനും താളപ്രമാണിയുമായ ജയറാമിന്റെ പഞ്ചാരിയുടെ താളപ്പെരുമയില്‍110 വാദ്യകലാകാരന്‍മാര്‍ അണിനിരന്നപ്പോള്‍ പന്തളം മഹാദേവര്‍ ക്ഷേത്രത്തില്‍ നടന്ന പൂരക്കാഴ്ച  ആസ്വാദക സഹസ്രങ്ങള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി. ജയറാമിന്റെ ആരാധകക്കൂട്ടവും പൂരത്തിനെത്തിയവരും ചേര്‍ന്നപ്പോള്‍ പന്തളം മഹാദേവക്ഷേത്രം പൂരങ്ങളുടെ നാടിനെ വെല്ലുംവിധം ജനമഹാസമുദ്രമായി. 

ജയറാം തനതായ ശൈലിയില്‍ പഞ്ചാരിയുടെ വിവിധകാലങ്ങള്‍ കൊട്ടിക്കയറിയപ്പോള്‍ ആസ്വാദകവൃന്ദവും ക്ഷേത്രപരിസരവും ആ താളമേളത്തില്‍ ആറാടി നിന്നു. ഒരോ കാലത്തിന്റെയും താളത്തിമിര്‍പ്പില്‍ താളപ്രമാണിയുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളൊപ്പിയെടുക്കുന്നതിന് ആസ്വാദകര്‍ ക്യാമറകളും മൊബൈലുകളുമായി തിക്കിത്തിരക്കി. ആരാധകര്‍ക്കും മേളാസ്വാദകര്‍ക്കും വിവിധ രസക്കൂട്ടുകളില്‍ ചാലിച്ച മേളം ജയറാം പകര്‍ന്ന് നല്‍കി. കൊട്ടിക്കലാശിക്കുന്നതിനിടെ പൂരകാഴ്ചയും വര്‍ണങ്ങളില്‍ ആറാടി കുടമാറ്റവും നടന്നു. 
ചമയങ്ങളും വര്‍ണക്കുടകളും മാറിമാറി നടത്തിയ കുടമാറ്റം ഉത്സവത്തിന് നിറച്ചാര്‍ത്തൊരുക്കി. പാറമേക്കാവിന്റെ ചമയങ്ങളാണ് പൂരത്തിന് എത്തിച്ചത്. പന്തളം മഹാദേവര്‍ ക്ഷേത്രത്തിലെ ഒന്‍പതാം ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരം, മേള-വര്‍ണ വൈവിധ്യങ്ങള്‍ക്കൊണ്ട് കാഴ്ച്ചക്കാര്‍ക്ക് നിറസന്ധ്യയായി. പന്തളംവലിയകോയിക്കല്‍ അയ്യപ്പക്ഷേത്രദര്‍ശനം നടത്തിയ ജയറാം രാത്രി 7നാണ് മഹാദേവര്‍ക്ഷേത്രത്തില്‍ മേളത്തിനെത്തിയത്. 
ക്ഷേത്രഭാരവാഹികളായ എസ് കൃഷ്ണകുമാര്‍, കെ ഗോപിനാഥന്‍, വി ബി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ജയറാമിനെ സ്വീകരിച്ചു. പൂരത്തിന്റെ പൊലിമകൂട്ടാന്‍മംഗലാംകുന്ന് അയ്യപ്പന്‍ തിടമ്പേറ്റി നിന്നു. അയ്യപ്പന്റെ വലത്തേക്കൂട്ടായി കുളമാക്കല്‍ പാര്‍ഥസാരഥിയും, ഇടത്തേക്കൂട്ടായി മൌട്ടത്ത് രാജേന്ദ്രനും ചേര്‍ന്നപ്പോള്‍, പുത്തന്‍കുളം മോദി, കേശവന്‍,  ജയശ്രീവാസുദേവന്‍, സൂര്യനാരായണന്‍ എന്നീ ആനകള്‍ ഇരുപുറവും അണിനിരന്നു.  ആനപ്രേമികള്‍ക്കും പൂരസ്നേഹികള്‍ക്കും ആനകളുടെ അരങ്ങും മേളവും ആവേശമായി. 
വിവിധ കരകളില്‍ നിന്നും പുറത്തുനിന്നും പൂരപ്രേമികളും നാട്ടുകാരും അടക്കം ക്ഷേത്രവും പരിസരങ്ങളും നിറഞ്ഞിരുന്നു. നേരത്തെ ആനയൂട്ടും നടന്നിരുന്നു. രാതി ഭക്തിഗാനാമൃതം, പളളിവേട്ട പളളിക്കുറുപ്പ്,  വലിയകാണിക്ക എന്നിവ നടന്നു. പത്താം ഉത്സവദിനമായ ചൊവ്വാഴ്ച വൈകിട്ട് 4.30ന് ആറാട്ട് ഘോഷയാത്ര, തുടര്‍ന്ന് വരവേല്‍പ്പ്, വലിയ കാണിക്ക, നാടകം എന്നിവയോടെ ഉത്സവം സമാപിക്കും .

Related News

കൂടുതൽ വാർത്തകൾ »