17 November Saturday

സൈനബയുടെ മനസ്സ്‌ നിറയെ സന്തോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
പാലക്കാട‌്
ശംഖുവാരത്തോട്ടിലെ വീട്ടിൽ വീണ്ടും വൈദ്യുതിയെത്തിയതിന്റെ ആഹ്ലാദത്തിലാണ‌് എഴുപഞ്ചുകാരി സൈനബ. വെള്ളം ഇറങ്ങിയ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ടത‌് ചെളിയും വീടിനുമുന്നിൽ തകർന്നു കിടക്കുന്ന സ്ലാബുകളും മറ്റുമായിരുന്നു. വൈദ്യുതിബന്ധം തകർന്ന‌തിനാൽ ഇരുട്ടിലുമായിരുന്നു. വീട്ടിലെ ചെളി മാറ്റി വൃത്തിയാക്കി കഴിഞ്ഞ ദിവസം വൈദ്യുതിയും എത്തിയതോടെ സൈനബ നാളുകൾക്കുശേഷം  മനസ്സു നിറഞ്ഞ‌് ചിരിച്ചു .  
60 വർഷമായി സൈനബ ശംഖുവാരത്തോട്ടിലെ വീട്ടിലെത്തിയിട്ട‌്. ഇതുവരെ ഇത്തരമെരു പ്രളയത്തെ നേരിടേണ്ടിവന്നിട്ടില്ലെന്ന‌് പരേതനായ അബൂബക്കറിന്റെ ഭാര്യ സൈനബ പറയുന്നു. മകൻ റഫീഖും ഭാര്യ സക്കീനയും മക്കളും ഇപ്പോൾ സൈനബക്കൊപ്പമുണ്ട‌്.  ശംഖുവാരത്തോട്ടിൽ വെള്ളമുയരുന്നത‌് കണ്ടതോടെ കൽപ്പാത്തിയിലെ ദുരിതാശ്വാസക്യാമ്പേിലേക്ക‌് രക്ഷപ്പെടുകയായിരുന്നു സൈനബയും കുടുംബവും. ദിവസങ്ങൾക്കുമുമ്പ‌് വീട്ടിലേക്ക‌് മടങ്ങിയെത്തിയ ഇവരുടെ വീട‌് വൃത്തിയാക്കാൻ സന്നദ്ധപ്രവർത്തകരും മറ്റുള്ളവരും സഹായിച്ചു. ക്യാമ്പിലും ‌ഭക്ഷണവും വസ‌്ത്രങ്ങളുമടക്കം എല്ലാ സർക്കാർ സഹായങ്ങളും ലഭിച്ചെന്നും  നാശത്തിന്റെ കണക്കുകൾവച്ച‌് ധനസഹായത്തിന‌്  അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ഇനിയും സർക്കാരിന്റെ എല്ലാ സഹായങ്ങള‌ുണ്ടാകുമെന്ന‌് സൈനബക്കും കുടുംബത്തിനും ഉറപ്പുണ്ട‌്. ഓട്ടോറിക്ഷാഡ്രൈവറായ റഫീഖ‌് പുതിയ ജീവിതത്തിലേക്ക‌് ഓട്ടോറിക്ഷയുമായി പ്രയാണം തുടങ്ങിക്കഴിഞ്ഞു. 
ശംഖുവാരത്തോട്ടിലുള്ള കുടുംബങ്ങൾ ഇതുവരെ തണലായിനിന്ന സർക്കാരിന‌് നന്ദി പറയുകയാണ‌്. ഇവിടെയുള്ള നൂർജഹാനും കുടുംബവും തോടിനടുത്തുതന്നെയാണ‌് താമസം. വെള്ളം കയറിയതോടെ കൽപ്പാത്തി സ‌്കൂളിലായിരുന്നു നൂർജഹാനും കുടുംബവും. വീട്ടിലേക്ക‌് തിരിച്ചെത്തി ശുചീകരിക്കാനും ഭക്ഷണവും മറ്റു സഹായവുമായി സർക്കാരും ഒപ്പം നാടും തണലായെന്ന‌് റഹ‌്മത്തും പറഞ്ഞു. ഭർത്താവ‌് കാജാഹുസൈനും  മകൻ അൻസറിനും മത്സ്യവിൽപ്പനയാണ‌് ജോലി. സൈക്കിളും സ‌്കൂട്ടറും വെള്ളം കയറി കേടായി. ഇത‌് ശരിയാക്കി ഉടൻ മത്സ്യവിൽപ്പന തുടങ്ങണം‐ ഇവർ പറഞ്ഞു. 
പ്രധാന വാർത്തകൾ
Top