24 September Monday

കെഎസ്ടിഎ വിദ്യാലയങ്ങൾ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
പാലക്കാട് 
പ്രളയം വിഴുങ്ങിയ എറണാകുളം ജില്ലയിലെ വിദ്യാലയങ്ങൾ പാലക്കാട്ടെ അധ്യാപകർ ശുചീകരിച്ചു. ചൂർണിക്കര പഞ്ചായത്തിലെ രണ്ട് വിദ്യാലയങ്ങളും മാനായിക്കുളത്തെ ഒരുവിദ്യാലയവുമടക്കം മൂന്ന് വിദ്യാലയങ്ങൾ പൂർണമായും ശുചീകരിച്ചു. കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് വേണുഗോപാലിന്റെ നേതൃത്വത്തിൽ വിവിധ സബ് ജില്ലകളിൽനിന്നെത്തിയ നൂറോളം അധ്യാപകരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത‌്. 
ഒരാൾപ്പൊക്കത്തിൽ വെള്ളം കയറിയ വിദ്യാലയത്തിലെ മുഴുവൻ രേഖകളും ലൈബ്രറി പുസ്തകങ്ങളുമടക്കം നനഞ്ഞ് നശിച്ചിരുന്നു. പ്രളയ പ്രദേശത്തെ അധ്യാപകരുടെയും കുട്ടികളുടെയും വീടുകൾ പൂർണമായും വെള്ളം കയറിയിരുന്നു. അതുകൊണ്ടുതന്നെ നാട്ടുകാർക്കോ പിടിഎ ഭാരവാഹികൾക്കോ സ്ഥലത്ത‌് എ‌ത്താൻ കഴിഞ്ഞിരുന്നില്ല. 
ഗ്രാമത്തിലെ എല്ലാ വീടുകളും പത്ത‌് അടിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. ചെളിയുറച്ച് കിടന്ന ക്ലാസ‌് മുറികളും ബെഞ്ചും ഡെസ്കുമെല്ലാം ഇരുപതോളം അധ്യാപികമാരുൾപ്പെടെയുള്ള  സംഘം വൃത്തിയാക്കി. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, എറണാകുളത്തെ കെഎസ്‌ടിഎ നേതാക്കൾ എന്നിവർ സ്ഥലത്തെത്തി അഭിനന്ദിച്ചു. തൈക്കാട്ടുകര ഗവ.എൽപി സ്കൂളും ഇവർ വൃത്തിയാക്കി. അവിടത്തെ അധ്യാപകരെത്തിയാണ‌് ഇവരെ യാത്രയാക്കിയത‌്. 
കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് കെ എ ശിവദാസൻ, ജില്ലാ സെക്രട്ടറി എം എ അരുൺകുമാർ, ജില്ലാ ട്രഷറർ വി ജെ ജോൺസൺ, ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ, പി‌ സുമംഗല, പി കെ വിജയൻ, എം ആർ മഹേഷ്കുമാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
Top