ad
Deshabhimani

45,000 ക്ലാസ് മുറികൾ ഹൈടെക‌് ആക്കി: മന്ത്രി സി രവീന്ദ്രനാഥ‌്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 22, 2018, 07:06 PM | 0 min read

പട്ടാമ്പി 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക‌് ആക്കി മാറ്റിയെന്ന‌് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ‌്. ഇതിനായി സംസ്ഥാന സർക്കാർ 493.5 കോടി രൂപ ചെലവിട്ടുവെന്നും അടുത്ത അധ്യായന വർഷത്തോടെ വിദ്യാലയങ്ങളെ അന്താരാഷ്ട്രാ നിലവാരമുള്ളവയാക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടാമ്പിയിൽ മികവിന്റെ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ ആധുനിക കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങൾക്ക‌് മികച്ച കെട്ടിടങ്ങളൊരുക്കാൻ 2,500 കോടി രൂപയാണ‌് ചെലവിടുന്നത‌്. ഈ വർഷംതന്നെ 300 കോടി രൂപ ചെലവിൽ എൽപി, യുപി സ‌്കൂളുകൾ ഹൈടെക‌് ആക്കും. ജൂൺ ഒന്നിനകം വിദ്യാലയങ്ങളിൽ മികച്ച സൗകര്യങ്ങളുമായി 141 കെട്ടിടങ്ങൾ നിർമിക്കും. ഒന്നു മുതൽ 12വരെയുള്ള മുഴുവൻ സ‌്കൂളുകളും ഹൈടെക‌് ആയി മാറുന്നതോടെ അടുത്ത പ്രവേശനോത്സവത്തിനുമുമ്പ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പ്രവേശനോത്സവം ചരിത്രത്തിൽ ഏറ്റവും മികച്ച പശ്ചാത്തലമുള്ള അക്കാദമിക വർഷമായി മാറും. 
പ്രളയശേഷം നവകേരളം, കുട്ടികളുടെ പ്രധാന്യം എന്ന വിഷയത്തിൽ നവകേരളത്തെക്കുറിച്ച് വിദ്യാർഥികൾക്ക‌് ആശയങ്ങളോ ചിത്രങ്ങളോ ലേഖനങ്ങളോ രേഖപ്പെടുത്താം. അവയിൽ മികച്ചവയെ കണ്ടെത്തി ജില്ലാ രേഖകളായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനായി.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home