24 September Monday
ഭൂമി വിണ്ടുകീറി

കിഴക്കഞ്ചേരി ഉപ്പുമണ്ണിൽ ആശങ്ക തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
വടക്കഞ്ചേരി
ഭൂമി വിണ്ടുകീറിയ കിഴക്കഞ്ചേരിയിലെ ഉപ്പുമണ്ണിൽ ആശങ്ക തുടരുന്നു. മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾ വീടുകളിലേക്ക് തിരിച്ചെത്തിയില്ല. ഉപ്പ്മണ്ണിൽ മലയോരത്ത‌് റബർത്തോട്ടത്തിലാണ് ഒരാഴ‌്ചയായി വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. അരക്കിലോമീറ്ററോളം ദൂരത്തിൽ ഭൂമി രണ്ടു തട്ടായി പിളർന്ന നിലയിലായിരുന്നു. അപകടഭീഷണിയെത്തുടർന്ന് പ്രദേശത്തെ 27 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ആദ്യം പറശേരി അങ്കണവാടിയിലെ ക്യാമ്പിലാണ് പ്രവേശിപ്പിച്ചിരുന്നതെങ്കിലും ക്യാമ്പ് അവസാനിപ്പിച്ചതോടെ ബന്ധുവീടുകളിലാണ് ഇവർ അഭയം തേടിയിട്ടുള്ളത‌്. 
കിഴക്കഞ്ചേരിവഴി മംഗലം ഡാമിലേക്കുള്ള റോഡിന്റെ അരികിലായതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതവും പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകാതായിട്ട് ഒരാഴ്ച പിന്നിട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് റവന്യു ജിയോളജി അധികൃതർ സന്ദർശിക്കാനെത്തിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. മഴ പെയ്താൽ മാത്രമേ അപകടമുള്ളുവെന്നാണ് ജിയോളജി അധികൃതർ നൽകുന്ന വിശദീകരണം. സംഭവത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് അധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട‌്. ഇവർ എപ്പോൾ വന്നു പരിശോധിക്കുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.  അങ്ങനെയെങ്കിൽ ഇവിടത്തെ കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങാൻ ഇനിയും സമയമെടുക്കും. 
പ്രശ്നം എത്രയും പെട്ടെന്നു പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.
പ്രധാന വാർത്തകൾ
Top