25 September Tuesday
അയൽക്കൂട്ടം വഴി ഗുണഭോക്താക്കളെ കണ്ടെത്തും

ഇനിയവർ ഒറ്റയ‌്ക്കല്ല, വിളിപ്പാടകലെ‘സ‌്നേഹിത’രുണ്ട‌്

എസ‌് സിരോഷUpdated: Saturday Jun 23, 2018

പാലക്കാട‌് 

സമൂഹത്തിൽ ഒറ്റപ്പെട്ട‌് ജീവിക്കുന്നവർക്കും മുതിർന്ന പൗരന്മാർക്കും സാന്ത്വനമായി  ‘സ‌്നേഹിത കോളിങ് ബെൽ’ പദ്ധതി ഒരുങ്ങുന്നു.  ഒറ്റയ‌്ക്ക‌് താമസിക്കുന്നവർക്കും വൃദ്ധജനങ്ങൾക്കും സാന്ത്വനമേകുകയും പ്രതിരോധം തീർക്കുകയും കൂടിയാണ‌് ലക്ഷ്യം. അടിയന്തര സാഹചര്യത്തിൽ ഓടിയെത്താനും “സ‌്നേഹിത’രുണ്ടാകും. ആവശ്യമെങ്കിൽ ജനമൈത്രി പൊലീസ‌്,  സ‌്നേഹിത ജെന്റർ ഹെൽപ‌് ഡെസ‌്ക‌്, കമ്യൂണിറ്റി കൗൺസിലർ എന്നിവരുടെ സേവനം ലഭ്യമാക്കും.
കുടുംബശ്രീ അയൽക്കൂട്ടം തെരഞ്ഞെടുക്കുന്ന ആരോഗ്യ വളണ്ടിയർ ആഴ‌്ചയിൽ മൂന്നുദിവസം ഒറ്റപ്പെട്ടു താമസിക്കുന്ന വ്യക്തികളെയും മുതിർന്ന പൗരന്മാരെയും   വീട്ടിൽലെത്തി കാണുകയോ   ഫോൺവഴിയോ വിവരങ്ങൾ ശേഖരിക്കും.  ഒപ്പംതന്നെ ഇവരെ പൊതുസമൂഹവുമായി ബന്ധിപ്പിക്കാനുള്ള നടപടികളുമെടുക്കും.
ഒറ്റപ്പെട്ടുകഴിയുന്നവരിൽ സ‌്ത്രീകളെ കുടുംബശ്രീ അയൽക്കൂട്ടവുമായി സഹകരിപ്പിക്കും. യുവജനങ്ങളെ സമീപത്തുള്ള വായനശാലയുമായോ സാംസ‌്കാരിക കേന്ദ്രവുമായോ ബന്ധപ്പെടുത്തും. വൃദ്ധജനങ്ങളെ വയോജന അയൽക്കൂട്ടവുമായും പകൽവീടുകളുമായും ബന്ധപ്പെടുത്തും. ഇവർക്ക‌് മാനസിക ഉല്ലാസത്തിനുള്ള സംവിധാനങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട‌്. ഉപജീവന മാർഗങ്ങളിൽ ഏർപ്പെടാൻ ശേഷിയുള്ളവർക്ക‌് പരിശീലനവും നൽകും. 60 കഴിഞ്ഞവരെ തൊട്ടടുത്ത വയോജന അയൽക്കൂട്ടങ്ങളിൽ അംഗങ്ങളാക്കും. വിവിധ ക്ഷേമ പദ്ധതികളുമായി ഇവരെ ബന്ധിപ്പിക്കും. 
പിന്തുണയ‌്ക്ക‌് ആളില്ലാത്തവർ, അഗതികൾ,  തിരിച്ചറിയൽ രേഖയില്ലാത്തവർ തുടങ്ങി സാമൂഹികമായ ഒറ്റപ്പെടൽ അനുഭവിക്കുന്നവരാണ‌് ‘കോളിങ്‌ ബെല്ലിന്റെ’ ഗുണഭോക്താക്കൾ.
അയൽക്കൂട്ടം വഴിയാണ‌് ഗുണഭോക്താക്കളെ കണ്ടെത്തുക. പരിശീലനം ലഭിച്ച അയൽക്കൂട്ട ഫെസിലിറ്റേറ്റർ സർവേ നടത്തി പട്ടിക തയ്യാറാക്കും. അയൽക്കൂട്ടത്തിലോ അയൽക്കൂട്ട പരിസരത്തോ ഉള്ള കോളിങ്‌ ബെൽ ചുമതല അതത‌് അയൽക്കൂട്ട ആരോഗ്യ വളണ്ടിയർമാർക്ക‌ാണ‌്. മോണിറ്ററിങ്‌ അതത‌് എഡിഎസ‌് വൈസ‌് ചെയർപേഴ‌്സനും. തദ്ദേശ സ്വയംഭരണ ഭരണസമിതികളുടെ സഹകരണവുമുണ്ടാവും.
ഗുണഭോക്താക്കളുടെ വിവരങ്ങൾ ഡിസിഎസ‌് വഴി ക്രോഡീകരിച്ച‌് സൂക്ഷിക്കും. ഇതിനായി പ്രത്യേക ഗൂഗിൾ ഡ്രൈവ‌് ഫോർമാറ്റ‌് ഉണ്ടായിരിക്കും. ആവശ്യമായ സേവനങ്ങൾ ചെയ‌്ത‌് കൊടുക്കുന്നതിനൊപ്പം  അടിയന്തരമായി മറ്റ‌് ഏജൻസികൾക്ക‌് കൈമാറേണ്ട വിഷയങ്ങൾ അതത‌് സമയങ്ങളിൽ കൈമാറുമെന്ന‌് കുടുംബശ്രീ കോ–ഓർഡിനേറ്റർ പി സെയ‌്തലവി പറഞ്ഞു.
പ്രധാന വാർത്തകൾ
Top