Top
22
Thursday, June 2017
About UsE-Paper

വായന പക്ഷാചരണത്തിന് ഇന്ന് തുടക്കം

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

 തൃശൂര്‍ > വായനാപക്ഷാചരണത്തിന് തിങ്കളാഴ്ച തുടക്കമാകും.  വിദ്യാലയങ്ങള്‍,  ഗ്രന്ഥശാലകള്‍, പുരോഗമന പ്രസ്ഥാനങ്ങള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, സംഘടനകള്‍  തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍  വായനദിനം വ്യാപകമായി ആഘോഷിക്കും. 

ജൂണ്‍ 19 പി എന്‍ പണിക്കരുടെ ചരമദിനംമുതല്‍ ജൂലൈ ഏഴ് ഐ വി ദാസ് ജന്മദിനംവരെയുള്ള ദിവസങ്ങളില്‍ ജില്ലാ‘ഭരണകൂടം, പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്മെന്റ്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൌണ്‍സില്‍, സാക്ഷരതാ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വായന പക്ഷാചരണം സംഘടിപ്പിക്കും.   സ്കൂളുകളിലും വായനശാലകളിലും തുടര്‍വിദ്യാകേന്ദ്രങ്ങളിലും വായന മത്സരങ്ങള്‍, പുസ്തക ചര്‍ച്ചകള്‍, സെമിനാറുകള്‍, അനുസ്മരണങ്ങള്‍ എന്നിവ സംഘടിപ്പിക്കും. സ്കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനോദ്ഘാടനവും സ്കൂള്‍ ലൈബ്രറി ചുമതലക്കാരായ അധ്യാപകര്‍ക്കുള്ള പരിശീലനവും നടക്കും.    
വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  19ന് രാവിലെ 10.30ന് തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് സ്കൂളില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. കലക്ടര്‍ ഡോ. എ കൌശികന്‍ വായനദിന സന്ദേശം നല്‍കും. ലൈബ്രറി കൌണ്‍സില്‍ സ്റ്റേറ്റ് എക്സി. അംഗം ടി കെ വാസു പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തും. ലൈബ്രറി കൌണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി അധ്യക്ഷനാകും.  
ജില്ലയിലെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകരായി തെരഞ്ഞെടുക്കപ്പെട്ട സി വി തങ്കപ്പന്‍ (യുവജന വായനശാല വില്ലടം), പി പി സജി (ജ്ഞാനോദയം വായനശാല, വെസ്റ്റ് കൊരട്ടി), പി കെ വാസു (എം വി വേണുഗോപാല്‍ സ്മാരക ലൈബ്രറി, വെസ്റ്റ് പെരിഞ്ഞനം), സി വി സുധാകരന്‍ (വാടാനപ്പള്ളി യൂത്ത് ലീഗ് ലൈബ്രറി), പി ആര്‍ മോഹനന്‍ (ഗ്രാമീണ വായനശാല, വേലൂര്‍ വടക്കുമുറി), വി വി തിലകന്‍ (താഷ്ക്കന്റ് ലൈബ്രറി, പട്ടേപ്പാടം) വി എന്‍ ഗോപാലകൃഷ്ണന്‍ (ഗ്രാമീണ വായനശാല, അവിണിശേരി) എന്നിവരെ ആദരിക്കും. മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് 3000 രൂപയും മെമന്റോയും നല്‍കും. 
 ജില്ലയിലെ മികച്ച സ്കൂള്‍ ലൈബ്രറികളായി തെരഞ്ഞെടുത്ത ജിഎച്ച് എസ്എസ് ചേര്‍പ്പ്, ഗവ. ബോയ്സ്  ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൊടുങ്ങല്ലൂര്‍, ജിഎച്ച്എസ്എസ് പാഞ്ഞാള്‍ എന്നീ സ്കൂളുകള്‍ക്ക് 3000 രൂപയുടെ പുസ്തകക്കിറ്റ് നല്‍കും.