Top
23
Friday, February 2018
About UsE-Paper

കെഎൽയു അപേക്ഷകൾ 2000; തീർപ്പാക്കിയത് 22

Thursday Feb 15, 2018
വേണു കെ ആലത്തൂർ
പാലക്കാട് > വീട് നിർമാണത്തിന്് സ്ഥലം ഉപയോഗിക്കാനുള്ള ഭൂവിനിയോഗ സർട്ടിഫിക്കറ്റിന്റെ അപേക്ഷകളിൽ തീർപ്പ് വൈകുന്നതിനാൽ പാവങ്ങൾക്ക് വീട് നിർമിക്കാനുള്ള സാധ്യതയും ഇല്ലാതാകുന്നു. ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചവർ ഉൾപ്പെടെയുള്ളവരുടെ അപേക്ഷകളും കെട്ടിക്കിടക്കുകയാണ്. ജില്ലയിൽ 2,000 അപേക്ഷകളാണ് ഇത്തരത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ കിടക്കുന്നത്. ആർഡിഒ നേതൃത്വത്തിലുള്ള ജില്ലാതല മോണിറ്ററിങ് സമിതിയാണ് കെഎൽയു സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. ജനുവരി 31ന് ചേർന്ന യോഗത്തിൽ 22 അപേക്ഷകൾ മാത്രമാണ് തീർപ്പാക്കിയത്. ബാക്കിയുള്ളവക്ക് എന്ന് അനുമതി നൽകുമെന്ന് വ്യക്തമല്ല. നഗരസഭകളിൽ അഞ്ച് സെന്റും ഗ്രാമപഞ്ചായത്തുകളിൽ പത്ത് സെന്റിനുമുള്ള അപേക്ഷകളാണ് ഇവയിൽ ഭൂരിഭാഗവും. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിക്ക് കെഎൽയു അനുവദിക്കുന്നതിന് നിയമതടസ്സമുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇവയിൽ ഉൾപ്പെടാത്ത, വീട് നിർമാണത്തിന് വേറെ സ്ഥലമില്ലാത്ത നിരവധി പേരുടെ അപേക്ഷകളും തീർപ്പാകാതെ കിടക്കുന്നു.
കെഎൽയു അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിലാണ് ഏറ്റവും സങ്കീർണമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നത്. ഇവ കൂടുതൽ ബാധിക്കുന്നത് ചെറുകിടക്കാരെയാണ്. വീട് നിർമാണത്തിന് അഞ്ച് സെന്റ് സ്ഥലത്തിന് ഭൂവിനിയോഗ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നൽകിയാൽ അത് ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്നു. ഇതിനിടയിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ധനസഹായം മുടങ്ങാനും സാധ്യതയേറുന്നു.  ലൈഫ് മിഷന്റെ ഭാഗമായി എല്ലാവർക്കും വീടെന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാനാണ് എൽഡിഎഫ് സർക്കാർ തീവ്രമായി ശ്രമിക്കുന്നത്. ഇതിന് വീടില്ലാത്തവിരിൽനിന്ന് അപേക്ഷ സ്വീകരിച്ച് അവർക്ക് ഫ്‌ളാറ്റ് പോലുള്ള സമുച്ചയം നിർമിക്കും. സ്വന്തമായി സ്ഥലമുള്ളവർക്ക് വീട് നിർമാണത്തിന് ധനസഹായവും നൽകും. ചില അപേക്ഷകർക്ക് സ്ഥലത്തിന് ഭൂവിനിയോഗ സർട്ടിഫിക്കറ്റ് ആവശ്യമായിവരും. ഇത്തരത്തിലുള്ള അപേക്ഷകളിൽ തീർപ്പ് വൈകുന്നുവെന്നാണ് പരാതി. 
പ്രാദേശികതലത്തിൽ കൃഷി ഓഫീസർ, പാടശേഖര സമിതി ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസർ എന്നിവരുൾപ്പെട്ട സമിതി സ്ഥലം സന്ദർശിക്കുകയും അപേക്ഷകനെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തശേഷം ഭൂവിനിയോഗ അപേക്ഷയിൽ തീർപ്പ് കൽപ്പിക്കാമെന്ന് ശുപാർശ ചെയ്യുന്നു. ഈ ശുപാർശകളിലും ജില്ലാതല സമിതി തീരുമാനമെടുക്കുന്നില്ല. ആർഡിഒ നേരിട്ട് സ്ഥലം സന്ദർശിക്കണമെന്ന നിർദേശവും ചില അപേക്ഷകളിൽ മുന്നോട്ടുവയ്ക്കുന്നു. 
കെഎൽയു അപേക്ഷകൾ ലഭിച്ചാൽ പരാതികളും പിന്നാലെ വരുന്നതിനാലാണ് അപേക്ഷകളിൽ തീർപ്പ് വൈകുന്നതെന്ന് ആർഡിഒ കല്യാണിക്കുട്ടി പറഞ്ഞു. അപേക്ഷകൾ കിട്ടുന്ന മുറയ്ക്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നുണ്ടെന്നും ആർഡിഒ പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »