22 June Friday
കലിതുള്ളി കാലവർഷം

പാലക്കയത്തും കടപ്പാറയിലും മണ്ണെണ്ണക്കയത്തും ഉരുൾപൊട്ടൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

ഉരുൾപ്പൊട്ടലിൽ തകർന്ന തച്ചമ്പാറ തടത്തിൽ കുര്യാക്കോസിന്റെ വീട്

പാലക്കാട‌്
ഇടവപ്പാതി കനത്തതോടെ ജില്ലയിൽ പലയിടത്തും വെള്ളംകയറി നാശമുണ്ടായി. മണ്ണാർക്കാട‌് പാലക്കയത്തും ബുധനാഴ‌്ച മംഗലംഡാം കടപ്പാറയിലും മണ്ണെണ്ണക്കയത്തും  ഉരുൾപ്പൊട്ടിയത‌് ഭീതിപരത്തി. പാലക്കയത്ത‌് രണ്ട‌് വീടുകൾ തകർന്നു. ഭാരതപ്പുഴ ഒഴികെയുള്ള പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ‌്. അട്ടപ്പാടി ഭവാനിപ്പുഴയിലെ തുരുത്തിൽ കഴിഞ്ഞദിവസം കുടുങ്ങിയ ദമ്പതികളെ ഫയർഫോഴ‌്സും പൊലീസുംചേർന്ന‌് കയർക്കെട്ടി കരയ‌്ക്കെത്തിച്ചു. പറളിയിലെ കൽപ്പാത്തിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ ഇന്നലെയും കണ്ടെത്താനായില്ല. ഷൊർണൂർ സ്വദേശിയായ ജയകുമാറിനെയാണ‌് കഴിഞ്ഞദിവസം കാണാതായത‌്.  കനത്ത മഴയിൽ ഡാമുകളിൽ ജലനിരപ്പുയർന്ന‌് തുടങ്ങി. ശിരുവാണി, കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ ഷട്ടർ അടുത്തുതന്നെ തുറക്കാനാണ‌് സാധ്യത. ഇരുകരകളിലുള്ളവർക്ക‌് അധികൃതർ മുന്നറിയിപ്പ‌ും നൽകിയിട്ടുണ്ട‌്. അട്ടപ്പാടി ചുരം റോഡിൽ മലയിടിയാൻ സാധ്യതയുള്ളതിനാൽ വലിയ ചരക്കുവാഹനങ്ങൾക്ക‌് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ‌്.
കനത്തമഴയിൽ തച്ചമ്പാറയിലും പായിപ്പുല്ലിലും ഉരുൾപ്പൊട്ടി വ്യാപകകൃഷിനാശം സംഭവിച്ചു. ഉരുൾപ്പൊട്ടലിൽ ഒരു വീട് പൂർണമായും ഒരു വീട്ഭാഗികമായും തകർന്നു. തടത്തിൽ കുര്യാക്കോസിന്റെ വീടാണ് പൂർണമായും തകർന്നത്. സഹോദരി അന്നമ്മയുടെ വീട് ഭാഗികമായി തകർന്നു. പാലക്കയത്ത് മലവെള്ളപ്പാച്ചിൽ തുടരുകയാണ്, കൃഷിനാശവും.രണ്ടിടങ്ങളിലായിമാത്രം ഏകദേശം 20 ഏക്കറോളം കൃഷിയാണ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് ഭയങ്കര ശബ്ദത്തോടെ മലവെള്ളം കല്ലും മണ്ണും കലർന്ന് ഒലിച്ചു വന്നത്. ഉരുൾപൊട്ടിയ കുണ്ടൻപൊട്ടിയിലും പായിപ്പുല്ലിലും ജനവാസം താരതമ്യേന കുറവായതാണ് നാശനഷ്ടവും കുറയാൻ കാരണമായത്. 
കല്ലടിക്കോട്ടുനിന്നും പൊലീസും പാലക്കാട്ടുനിന്നും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് സജീവമായുണ്ടായിരുന്നു. കോടിയോളം രൂപയുടെയെങ്കിലും നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്.
 
പ്രധാന വാർത്തകൾ
Top