17 October Wednesday

ശാസ്ത്രത്തിന്റെ ഉത്തരങ്ങള്‍ ഭൌതികലോകത്തില്‍ കണ്ടെത്തണം: ഡോ. അജിത് പരമേശ്വരന്‍

പ്രത്യേക ലേഖകന്‍Updated: Sunday Nov 12, 2017

 

 
പാലക്കാട് >  ശാസ്ത്രത്തിന്റെ ഉത്തരങ്ങള്‍ ഭൌതികലോകത്തില്‍ തന്നെ വേണം കണ്ടെത്താനെന്ന് ഗുരുത്വാകര്‍ഷണ തരംഗം സംബന്ധിച്ച പുതിയ കണ്ടെത്തല്‍ നടത്തിയ ലൈഗോ പ്രോജക്ടിലെ ശാസ്ത്രജ്ഞസംഘത്തില്‍ അംഗമായ ഡോ.അജിത് പരമേശ്വരന്‍പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന 'കേരളം ശാസ്ത്രത്തോടൊപ്പം ' എന്ന പരിപാടിയുടെ ഭാഗമായി 'ശാസ്ത്രവും മൌലികവാദവും' എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
 കൂടുതല്‍ മെച്ചപ്പെട്ട സിദ്ധാന്തങ്ങളെ സ്വീകരിക്കാന്‍ ശാസ്ത്രത്തിന് ഒരു മടിയുമില്ല. ശാസ്ത്രത്തില്‍ അന്തിമസത്യങ്ങളില്ല. ശാസ്ത്രത്തില്‍ ഒരു വിശദീകരണവും അന്തിമമല്ല; താല്‍ക്കാലികമാണ്. പുതിയ സിദ്ധാന്തങ്ങള്‍ വരുമ്പോള്‍ അതിനെ സ്വീകരിക്കാന്‍ ശാസ്ത്രത്തിന് ബുദ്ധിമുട്ടില്ല. ശാസ്ത്രത്തിന് വിശുദ്ധ പുസ്തകങ്ങളില്ല. ശാസ്ത്രത്തിന് പ്രതിബദ്ധത അതിന്റെ രീതിശാസ്ത്രത്തോടാണ്. സത്യത്തിലേക്കുള്ള വഴി മാത്രമാണ് ശാസ്ത്രം.ഇന്നേവരെ കണ്ട ജ്ഞാനസമ്പാദന പദ്ധതികളില്‍ ഫലപ്രദമായി ലോകത്തെ വിശദീകരിക്കാന്‍ കഴിയുന്നത് ശാസ്ത്രത്തിന് മാത്രമാണ്. ശാസ്ത്രത്തിന്റെ പല നിഗമനങ്ങളും വിശുദ്ധഗ്രന്ഥങ്ങളുടെ പദാനുപദ വ്യാഖ്യാനങ്ങള്‍ക്ക് വിരുദ്ധമാണ്. 
 മതങ്ങള്‍ അന്തിമമായ സത്യങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നു. ശാസ്ത്രത്തിന്റെ ഊര്‍ജം കൊണ്ട് സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ സത്യങ്ങളെ മനസ്സിലാക്കാനും വിശദീകരിക്കാനും ഇവയെ മാറ്റിത്തീര്‍ക്കാനും കഴിയും. കാള്‍ മാര്‍ക്സ് ശാസ്ത്രത്തെ ആ രീതിയില്‍ ഉപയോഗിച്ചു. മൂലധനത്തിന്റെ ഒരു കോപ്പി ചാള്‍സ് ഡാര്‍വിന് മാര്‍ക്സ് ഒപ്പിട്ട് നല്‍കുകയും 'അറിവിനെ മുന്നോട്ടു നയിക്കാന്‍ നമ്മള്‍ രണ്ടു പേരുടെയും പ്രവര്‍ത്തനങ്ങള്‍ സഹായിക്കു'മെന്ന് ഡാര്‍വിന്‍ മാര്‍ക്സിന് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ വിവിധ രാജ്യങ്ങളിലെ ജനതകള്‍ നടത്തിയ വിമോചനപ്പോരാട്ടം ശാസ്ത്രത്തെ ഉപയോഗിച്ച് സാമൂഹ്യസത്യങ്ങള്‍ കണ്ടെത്തിയതുകൊണ്ടാണ്. ദാദാഭായ് നവറോജിയുടെ 'ഡ്രെയിന്‍ തിയറി'യാണ് ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെ ഉണര്‍ത്തിയതെന്ന് അജിത് പരമേശ്വരന്‍ പറഞ്ഞു. പ്രൊഫ. വിജയകുമാര്‍ അധ്യക്ഷനായി.  പ്രൊഫ. ബി എം മുസ്തഫ സ്വാഗതവും കെ അജില നന്ദിയുംപറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top