24 October Wednesday

സർക്കാർ ഇടപെടൽ ഫലം കണ്ടു ദേശീയപാതയിൽ കുരുക്കഴിഞ്ഞു

സ്വന്തം ലേഖകൻUpdated: Thursday Oct 11, 2018

വടക്കഞ്ചേരി ദേശീയപാതയിൽ സർവീസ്‌ റോഡിന്റെ ടാറിങ്്‌ പുരോഗമിക്കുന്നു

 

 
വടക്കഞ്ചേരി
വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിലെ ദുരിതയാത്രയ്‌ക്ക്‌ അറുതിയായി. സംസ്ഥാന സർക്കാരിന്റെ കർശന ഇടപെടലാണ് ഇതുവഴിയുള്ള യാത്ര സുഗമമാക്കിയത്‌. വടക്കഞ്ചേരി സർവീസ് റോഡ്‌ ഒഴികെയുള്ളവയുടെ ടാറിങ‌് ബുധനാഴ്‌ചയോടെ പൂർത്തിയായി. മിച്ചമുള്ള ടാറിങ്്‌ വ്യാഴാഴ്‌ച പൂർത്തിയാകും. മന്ത്രിമാരായ  ജി സുധാകരൻ, സി രവീന്ദ്രനാഥ‌് എന്നിവർ കഴിഞ്ഞ മാസം കുതിരാൻ സന്ദർശിക്കുകയും ഒക്ടോബർ പത്തിനകം ടാറിങ‌് പൂർത്തിയാക്കണമെന്ന്‌ കർശന നിർദേശം നൽകുകയും ചെയ്‌തിരുന്നു. 
അനാസ്ഥ കാണിച്ച കരാർ കമ്പനിക്കെതിരെ ശക്തമായ നിലപാടാണ്‌ സ്വീകരിച്ചത്‌. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ കഴിഞ്ഞ പത്ത‌്‌ വർഷത്തിനകം ഗതാഗതക്കുരുക്കിലും അപകടത്തിലുംപെട്ട‌് 54 പേർ മരിച്ചിരുന്നു. ഇതിന‌്  ഉത്തരവാദികളായ ദേശീയപാത കരാർ കമ്പനി കെഎംസിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക്‌ കേസെടുത്തു. തുടർന്നാണ‌് കരാർ കമ്പനി ടാറിങ്‌ പ്രവൃത്തികൾ വേഗത്തിലാക്കിയത‌്.  
സെപ‌്തംബർ 17നാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. എന്നാൽ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു.  25ന്  മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ തൃശൂർ കലക്ടറേറ്റിൽ യോഗം ചേർന്ന്‌ ഒക്ടോബർ പത്തിനകം ടാറിങ‌് പൂർത്തിയാക്കാൻ നിർദേശിച്ചു. ഇതിനിടെ ടാർ മിക്സിങ‌് യൂണിറ്റ് കേടായതിനെത്തുടർന്ന് നാലുദിവസം പ്രവൃത്തി നിലച്ചു. 
പി കെ ബിജു എംപി ഇടപെട്ട‌് വടക്കഞ്ചേരി പന്നിയങ്കരയിലെ പ്ലാന്റ് തുറക്കാൻ സംവിധാനമൊരുക്കി. കൂടുതൽ തകർന്ന അഞ്ചര കിലോമീറ്റർ പൂർണമായി ടാർ ചെയ്യാനാണ് കരാർ കമ്പനി തീരുമാനിച്ചത്. കൂടാതെ പുതിയ റോഡിലുള്ള കുഴികൾ അടയ‌്ക്കാനും. 
ദേശീയപാതയിൽ കുതിരാനിലാണ് റോഡ് അധികം തകർന്നതും ഗതാഗതക്കുരുക്ക് നേരിട്ടതും. ഇവിടെ സമയബന്ധിതമായി ടാറിങ് പൂർത്തിയാക്കണമെന്ന സർക്കാർ നിർദേശം പ്രാവർത്തികുന്നതോടെ വലിയ ആശ്വാസമാണ്‌ യാത്രക്കാർക്ക് അനുഭവപ്പെടുന്നത്‌. 
ആറുവരി പാതാ നിർമാണവും തുരങ്ക നിർമാണവും ഉടൻ ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ട്. 
ദേശീയപാതയിലെ തകർച്ചയ‌്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇരുമ്പുപാലത്ത് ജനകീയ സമരസമിതിയും പട്ടിക്കാട്ടിൽ എൽഡിഎഫും സമരം നടത്തിയിരുന്നു.
പ്രധാന വാർത്തകൾ
Top