17 November Saturday
കുടുംബശ്രീ ഗൃഹോപകരണ വായ‌്പ

കണക്കെടുപ്പ‌് പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018
പാലക്കാട‌്
പ്രളയക്കെടുതിയിൽ വീട്ടുപകരണങ്ങൾ നഷ്ടമായവർക്ക‌് പുതിയത‌്  വാങ്ങുന്നതിന‌് കുടുംബശ്രീ വഴി വായ‌്പ നൽകാനുള്ള നടപടി പുരോഗതിയിൽ. റവന്യൂ വകുപ്പിന്റെ കണക്കു പ്രകാരം ജില്ലയിൽ 7300 പേരുടെ അപേക്ഷ ലഭിച്ചിട്ടുണ്ട‌്. ഇവരുടെ ആവശ്യങ്ങൾ സംബന്ധിച്ച‌് കുടുംബശ്രീ നേതൃത്വത്തിൽ  നടന്നുവരുന്ന കണക്കെടുപ്പ‌് തിങ്കളാഴ‌്ച പൂർത്തിയാകും. 
തുടർന്ന‌് വിവരങ്ങൾ ക്രോഡീകരിച്ച‌് ആവശ്യമായ സാധനങ്ങളുടെ പട്ടിക തയ്യാറാക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ അംഗങ്ങളായവർക്ക‌് കാലതാമസമില്ലാതെ വായ‌്പ ലഭ്യമാക്കും. അംഗങ്ങളല്ലാത്ത ആവശ്യക്കാരുണ്ടെങ്കിൽ അവർക്ക‌് അംഗത്വം നൽകിയ ശേഷമായിരിക്കും വായ‌്പ അനുവദിക്കുകയെന്ന‌് കുടുംബശ്രീ ജില്ലാ കോ–ഓഡിനേറ്റർ പി സെയ‌്തലവി പറഞ്ഞു.
 സാധനങ്ങളുടെ ആവശ്യകത അനുസരിച്ച‌് കമ്പനികളുമായി ബന്ധപ്പെട്ട‌് വിലനിർണയം ഉൾപ്പെടെ നടത്തി വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തവും കുടുംബശ്രീക്ക‌് തന്നെയാണ‌്.  പ്രളയ ദുരിതബാധിതരായി സർക്കാരിന്റെ പതിനായിരം രൂപ ധനസഹായം ലഭിച്ചവർക്കായിരിക്കും ഒരാൾക്ക‌് ഒരു ലക്ഷം രൂപ വരെ വായ‌്പ അനുവദിക്കുക.
 അപേക്ഷകൾ സ്വീകരിക്കുന്നതും വായ‌്പ നൽകുന്നതും തിരിച്ചടവും നിരീക്ഷണവുമെല്ലാം കുടുംബശ്രീ വഴിയാണ‌്. 36 മുതൽ 48 മാസം വരെയാണ‌് വായ‌്പയുടെ തിരിച്ചടവ‌് കാലാവധി. വായ‌്പക്ക‌് പലിശയും ഈടാക്കില്ല. പദ്ധതിയുടെ നടത്തിപ്പിനായി ബാങ്ക‌് കൺസോർഷ്യം രൂപീകരിക്കുക, ബാങ്കുകളുമായി കരാർ ഒപ്പു വയ‌്ക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ കുടുംബശ്രീ എക‌്സിക്യൂട്ടീവ‌് ഡയറക്ടർക്കാണ‌്. വായ‌്പയുടെ ഒമ്പതു ശതമാനം പലിശ സർക്കാരാണ‌് വഹിക്കുക.
പ്രധാന വാർത്തകൾ
Top