18 August Saturday
ഉരുൾപൊട്ടൽ: നാടെങ്ങും ദുരിതം

പെരുമഴ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

ദേശീയപാതയിൽ അയ്യപുരം പെട്രോൾ പന്പിനു സമീപം വെള്ളം നിറഞ്ഞപ്പോൾ

പാലക്കാട‌്

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നഗരം ഒറ്റപ്പെട്ടു. അരനൂറ്റാണ്ടിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതത്തിനാണ‌് വ്യാഴാഴ‌്ച നഗരം സാക്ഷ്യംവഹിച്ചത‌്. നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. റോഡ‌് തകർന്നും വെള്ളംപൊങ്ങിയും ഗതാഗതംകൂടി സ‌്തംഭിച്ചതോടെ നഗരം തീർത്തും ഒറ്റപ്പെട്ടു. പത്തിലേറെ ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. മലമ്പുഴ മെയിൻ പമ്പ്ഹൗസിലേക്കുള്ള പൈപ്പ‌് പൊട്ടിയതിനാൽ  കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ‌്. വെള്ളം കയറിത്തുടങ്ങിയപ്പോൾത്തന്നെ വൈദ്യുതിബന്ധം വിഛേദിച്ചതിനാൽ അപകടമുണ്ടായില്ല. എന്നാൽ വെള്ളംകയറിയ പ്രേദേശങ്ങളിൽ വാർത്താവിനിമയ സംവിധാനം തകരാറിലായി. സ‌്റ്റേഡിയം – കൽമണ്ഡപം റോഡിൽ ജെ എം മഹലിനുസമീപം ഇരുനിലക്കെട്ടിടം തകർന്നുവീണു. കോഴിക്കോട്‐പാലക്കാട് ദേശീയപാതയിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട്ടുനിന്നുള്ള ബസുകൾ മുണ്ടൂരിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. ഈ ഭാഗത്തുനിന്ന് നഗരത്തിലേക്ക്  പ്രവേശനം നിരോധിച്ചു. ഒലവക്കോട‌് ഭാഗത്തേക്ക‌ുള്ള വാഹനങ്ങൾ ചുണ്ണാമ്പുത്തറ മേൽപ്പാലംവഴി തിരിച്ചുവിട്ടു. ശകുന്തള ജങ്ഷനിൽ വൻ വെള്ളക്കെട്ടിനെത്തുടർന്ന‌് നഗരത്തിനുള്ളിലും ഗതാഗതം തടസ്സപ്പെട്ടു. ജൈനിമേട‌്, ആണ്ടിമഠം, ശേഖരീപുരം, സഞ്ജയ് നഗർ എന്നിവടങ്ങിലേക്ക‌് ഗതാഗതം പൊലീസ് നിരോധിച്ചു.
കൽപ്പാത്തി കുമാരസ്വാമി കോളനി, സുന്ദരം കോളനി എന്നിവിടങ്ങളിൽ വീടുകൾ വെള്ളത്തിൽ മുങ്ങി. ഇരുനില വീടുള്ളവർ മുകളിലത്തെ നിലയിൽ അഭയം പ്രാപിച്ചപ്പോൾ മറ്റുള്ളവരെ വടംകെട്ടിയും ഫയർഫോഴ‌്സിന്റെ ബോട്ട‌് എത്തിച്ചുമാണ‌് രക്ഷിച്ചത‌്. അകത്തേത്തറ ആണ്ടിമഠത്ത‌് വെള്ളം കയറിതിനാൽ ജനങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്ക‌് മാറ്റി. മലമ്പുഴ നൂറടി റോഡ്, കടുക്കാംകുന്നം– പാലക്കാട് റോഡ്, മണപ്പുളിക്കാവ‌്, കാടാങ്കോട‌് എന്നിവിടങ്ങളിലും വെള്ളം ഉയർന്നിട്ടുണ്ട‌്. 
ഒലവക്കോട‌് പൂക്കാരത്തോട്ടം, ജൈനിമേട‌്, കുന്നുംപുറം, ചുണ്ണാമ്പുത്തറ, ശംഖുവാര തോട‌്, ശാസ‌്താപുരി, കുമരപുരം. ചുള്ളിയോട‌് കൽമണ്ഡപം– കൽപ്പാത്തി ബൈപാസ‌്, നൂറടി റോഡ‌്, മാട്ടുമന്ത റോസ‌് ഗാർഡൻ,  കൽപ്പാത്തി തോണിപ്പാളയം, വൈദ്യനാഥപുരം, ചാത്തപുരം, പുതിയപാലം  എന്നിവിടങ്ങളിലും വീടുകൾ വെള്ളത്തിലാണ‌്.  മാട്ടുമന്ത–മുക്കൈ നിലംപതി പാലം വെള്ളത്തിൽ മുങ്ങി. കൽപ്പാത്തി കുണ്ടമ്പലത്തിന്റെ പടിവരെ വെള്ളമെത്തി. ചാത്തപുരം പാർക്ക‌് വെള്ളത്തിൽ മുങ്ങി. കോഴിക്കോട‌് – കോയമ്പത്തൂർ ബൈപാസ‌് റോഡിൽ കമലാലയ കോമ്പൗണ്ടിലെ ഇരുപതോളം വീടുകളിൽ വെള്ളംകയറി. ഇവിടെ അഗ്നിശമന സേനയും പൊലീസുംചേർന്ന‌് ബോട്ടിലാണ‌് താമസ്സക്കാരെ രക്ഷപ്പെടുത്തിയത‌്.  കന്നുകാലികളും വെള്ളത്തിൽ ഒഴുകിപ്പോയി.
 
പ്രധാന വാർത്തകൾ
Top