19 October Friday

ജനരോഷമുയര്‍ത്തി എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017

എല്‍ഡിഎഫ് നേതൃത്വത്തില്‍ പാലക്കാട് എസ്ബിഐയിലേക്ക് നടത്തിയ മാര്‍ച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു

 പാലക്കാട് > രാജ്യത്തിന്റെ സാമ്പത്തിക രക്തധമനികള്‍ അറുത്തുമുറിച്ച ജനദ്രോഹ ഭരണത്തിന്റെ ഭ്രാന്തന്‍ തീരുമാനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനരോഷത്തിന്റെ അലകളുയര്‍ത്തി എല്‍ഡിഎഫ്. നരേന്ദ്രമോഡി സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ കാര്‍ഷികജില്ലയുടെ ജനരോഷത്തിന് എല്‍ഡിഎഫ് നേതൃത്വം നല്‍കി. എസ്ബിഐയുടെ പാലക്കാട് മെയിന്‍ ബ്രാഞ്ചിലേക്ക് നടന്ന ജനകീയമാര്‍ച്ചില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

നോട്ടുനിരോധത്തില്‍ തളര്‍ന്നുപോയ, കാര്‍ഷിക മേഖലയില്‍ നിന്നും വ്യാവസായിക, ചെറുകിട വ്യവസായവ്യാപാര  മേഖലകളില്‍ നിന്നുമുള്ളവരായിരുന്നു മാര്‍ച്ചില്‍ അണിനിരന്നവരില്‍ ബഹുഭൂരിപക്ഷം. തങ്ങളുടെ വിയര്‍പ്പില്‍ നിന്ന് സമാഹരിച്ച സമ്പത്ത് തിരിച്ചെടുക്കുന്നത് വിലക്കി സാമ്പത്തിക ജയില്‍വാസം അടിച്ചേല്‍പ്പിച്ചതിനെതിരെ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധമാണുയര്‍ന്നത്. സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യരുടെ ജീവിതത്തിനു മേല്‍ തേരോട്ടം നടത്തി കോര്‍പറേറ്റ് ശക്തികള്‍ക്ക് സമ്പദ്വ്യവസ്ഥയെ പൂര്‍ണമായും വിട്ടുകൊടുക്കുന്ന ജനവിരുദ്ധ സാമ്പത്തിക നടപടികള്‍ക്കെതിരെ തുടര്‍ച്ചയായ ഐക്യപ്രസ്ഥാനത്തിന് രൂപം നല്‍കുമെന്ന് മാര്‍ച്ച് പ്രഖ്യാപിച്ചു. ജനജീവിതത്തിന്റെ താളമാകെ തെറ്റിച്ച ഭരണകൂട ആക്രമണത്തിനെതിരായ രാഷ്ട്രീയ പ്രതിരോധമായി എല്‍ഡിഎഫ് മാര്‍ച്ച്. 
അഞ്ചുവിളക്കിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് എല്‍ഡിഎഫ് നേതാക്കളായ സി കെ രാജേന്ദ്രന്‍, വി ചാമുണ്ണി, എം ബി രാജേഷ് എംപി, എന്‍ എന്‍ കൃഷ്ണദാസ്, കെ പി സുരേഷ്രാജ്, ടി കെ നാരായണദാസ്, എ പ്രഭാകരന്‍, പി കെ സുധാകരന്‍, റസാഖ് മൌലവി, എ ശിവപ്രകാശ്, ഓട്ടൂര്‍ ഉണ്ണിക്കൃഷ്ണന്‍, കെ ആര്‍ ഗോപിനാഥ്, ജോസ് ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനം ഐഎംഎ ജങ്ഷന്‍ വഴി എസ്ബിഐക്കു മുന്നിലെത്തി. 
യോഗത്തില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ചാമുണ്ണി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. കെ പി സുരേഷ്രാജ്, കെ ആര്‍ ഗോപിനാഥ്, ഓട്ടൂര്‍ ഉണ്ണിക്കൃഷ്ണന്‍, ശ്രീകുമാര്‍, എ ശിവപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. എം ബി രാജേഷ് എംപി, എന്‍ എന്‍ കൃഷ്ണദാസ്, ടി കെ നാരായണദാസ്, എ പ്രഭാകരന്‍, പി കെ സുധാകരന്‍, കെ ശാന്തകുമാരി എന്നിവരും പങ്കെടുത്തു. 
നോട്ടുനിരോധം സമ്പദ്വ്യവസ്ഥയിലും ജനജീവിതത്തിലും ഏല്‍പ്പിച്ച ആഘാതത്തെ വിശദീകരിക്കുന്നതും മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നടപടികളുടെ യുക്തിരാഹിത്യം വ്യക്തമാക്കുന്നതുമായ പ്രത്യേക ബുള്ളറിന്‍ ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അച്ചടിച്ച് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top