24 October Wednesday

സംസ്ഥാന എക്സൈസ് കലാകായിക മേള നാളെ മുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 9, 2017

 പാലക്കാട് > സംസ്ഥാന എക്സൈസ് കലാകായിക മേള 10 മുതല്‍13 വരെ പാലക്കാട് നടക്കും. 14 ജില്ലകളില്‍ നിന്നായി ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കും. 10ന് രാവിലെ എട്ടിന് ഗെയിംസ് ഇനങ്ങള്‍ക്ക് തുടക്കമാവും. വിക്ടോറിയ കോളജ് ഗ്രൌണ്ട്, കോട്ടമൈതാനം, മാധവരാജ ക്ളബ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഗെയിംസ് ഇനങ്ങള്‍ നടക്കുക.

11ന് രാവിലെ 8.30ന് വിക്ടോറിയ കോളേജ് ഗ്രൌണ്ടില്‍ മാര്‍ച്ച്പാസ്റ്റ് ഉണ്ടായിരിക്കും. തുടര്‍ന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. എക്സൈസ് ടവറിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിക്കും.
വിക്ടോറിയ കോളേജില്‍ തയ്യാറാക്കുന്ന അഞ്ചുവേദികളിലാണ് കലാമത്സരങ്ങള്‍ നടക്കുക. കായികമേളയില്‍ 80 ഇനങ്ങളിലും കലാമേളയില്‍ 40 ഇനങ്ങളിലുമാണ് മത്സരം. പ്രായത്തിനനുസരിച്ച് ഗ്രൂപ്പ് തിരിച്ചാണ് മത്സരം. കഴിഞ്ഞ വര്‍ഷം മേള നടന്ന കണ്ണൂരില്‍നിന്ന് കൊണ്ടുവരുന്ന ദീപശിഖയ്ക്ക് ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ വെള്ളിയാഴ്ച സ്വീകരണം നല്‍കും. തുടര്‍ന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന താണാവ് മുതല്‍ ബൈക്ക് റാലിയോടെയാണ് വരവേല്‍പ്പ്.
പത്തിന് രാവിലെ എട്ടിന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് തിരുവനന്തപുരം ജില്ലയുടെ ക്രിക്കറ്റ് ടീമിനെ നയിച്ച് കളിക്കാനിറങ്ങും. ഫോട്ടോ ഫിനിഷ്, ആധുനിക ഇലക്ട്രോണിക് സംവിധാനമായ ഇഡിഎം എന്നിവ ഉപയോഗിച്ചാണ് മത്സരഫലങ്ങള്‍ രേഖപ്പെടുത്തുക. 12ന് വൈകിട്ട് മൂന്നിന് വിക്ടോറിയ കോളേജ് ഗ്രൌണ്ടില്‍ സമാപന സമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയര്‍മാന്‍ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ മാത്യൂസ് ജോണ്‍, ജനറല്‍ കണ്‍വീനര്‍ കെ രാമകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ എം എസ് വിജയന്‍, കെ ആര്‍ അജിത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top