10 December Monday

സിപിഐ എം ഓഫീസ് ആക്രമിച്ച 5 ആർഎസ്എസുകാർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 

വടക്കഞ്ചേരി > വണ്ടാഴിയിൽ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ച അഞ്ച് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഫീസിൽ പട്ടാപ്പകൽ അതിക്രമിച്ചു കയറി നാല്‌പേരെ വെട്ടിപരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട് വണ്ടാഴി കമ്മാന്തറ ശാന്താ നിവാസിൽ  രതീഷ്(36), മാപ്പിളപ്പൊറ്റ മഹേഷ്(22), മുടപ്പല്ലൂർ മാത്തൂർ മൊക്കിൽ റിതിൻ(24), മാത്തൂർ ചേരാങ്കലം വീട്ടിൽ  സുജിൻ(22), വണ്ടാഴി പുല്ലമ്പാടം  രജീഷ് (മണിക്കുട്ടൻ22) എന്നിവരെയാണ് ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് കൃത്യത്തിനുപയോഗിച്ച ഒരു വാൾ, കമ്പിവടി, ഇരുമ്പ്‌പൈപ്പ് എന്നിവയും മൂന്ന് ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്.
ഞായറാഴ്ച പകൽ ഒന്നോടെയാണ് ബൈക്കുകളിലെത്തിയ അക്രമിസംഘം മാരകായുധങ്ങളുംകൊണ്ട് മുഖംമൂടി ധരിച്ച് ആക്രമിച്ചത്. അക്രമത്തിൽ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷക്കീർ(32), രാജേഷ്(32), ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് സുബിൻ(31), വണ്ടാഴി യൂണിറ്റ് സെക്രട്ടറി ഉബൈസ്(27)എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷക്കീറിന്റെയും രാജേഷിന്റെയും പരിക്ക് ഗുരുതരമാണ്. പാർടി ഓഫീസിനുള്ളിൽ ഇരച്ചു കയറിയ അക്രമിസംഘം 20 മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രവർത്തകരെ വെട്ടികൊലപ്പെടുത്താനാണ് ശ്രമിച്ചത്.  കസേരയും മറ്റുംകൊണ്ട് പ്രതിരോധിച്ചതിനാൽ ആളപായമുണ്ടായില്ല. 
ആക്രമണത്തിൽ പാർടി ഓഫീസിലെ ചെയർ, അലമാര, മേശ ഉൾപ്പെടെ ഫർണീച്ചറുകളും നശിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസംതന്നെ പൊലീസ് പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. അക്രമത്തിന് ഗൂഢാലോചന നടത്തിയവരെയും ഇവർ സഞ്ചരിച്ച ബൈക്കുകളുടെ ഉടമകളെയും പ്രതികൾക്ക് ഒളിവിൽ കഴിയാൻ സംരക്ഷണമൊരുക്കിയവരെയും അറസ്റ്റ് ചെയ്യും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആലത്തൂർ ഡിവൈഎസ്പി ഷംസുദ്ദീൻ, മംഗലംഡാം എസ്‌ഐ എം ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.
പ്രധാന വാർത്തകൾ
Top